ചൈനക്ക് വെല്ലുവിളിയുമായി അമേരിക്ക; നേവൽ സ്ട്രൈക്ക് മിസൈൽ പരീക്ഷണം വിജയം

ചൈനയ്ക്കു പിന്നാലെ ശക്തമായ മിസൈൽ പരീക്ഷണത്തിലൂടെ കരുത്ത് തെളിയിക്കാൻ അമേരിക്കയും. പസഫിക് സമുദ്രത്തിലായിരുന്നു യുഎസ് നാവികസേനയുടെ മിസൈൽ പരീക്ഷണം.15,000 കിലോമീറ്റർ ദൂരപരിധിയുള്ള പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ചൈന പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. 

റഡാർ കണ്ണുകളെപ്പോലും വെട്ടിച്ച്  ശരവേഗത്തിൽ തെന്നിപ്പായുന്ന നേവൽ സ്ട്രൈക്ക് മിസൈലുകൾക്ക് ശത്രുക്കളുടെ പ്രതിരോധം ഒഴിവാക്കാനുള്ള കഴിവും ഉണ്ടെന്നാണ് യുഎസ് പറയുന്നത്. നേവൽ സ്ട്രൈക്ക് മിസൈലുകൾ (എൻഎസ്എം) വിന്യസിക്കുന്ന ആദ്യ യുദ്ധക്കപ്പലാണ് യുഎസ്എസ് ഗബ്രിയല്ലെ ഗിഫോർഡ്സ്. തീരപ്രദേശങ്ങൾക്കും ദ്വീപുകൾക്കു ചുറ്റുമുള്ള ആഴം കുറഞ്ഞ ജലപ്രതലത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത യുദ്ധകപ്പലാണ് (എൽസിഎസ്) ഗിഫോർഡ്സ്.  00 മൈലിൽ കൂടുതൽ ദൂരപരിധിയുള്ള എൻഎസ്എം മിസൈലുകൾക്ക് യുഎസ് നാവികസേനയുടെ പക്കലുള്ള മറ്റു മിസൈലുകളേക്കാൾ പ്രഹരശേഷി കൂടുതലാണ്. 

യുദ്ധക്കപ്പൽ ശൃംഖലയിലേക്ക് ഉയർത്തുന്ന  30ഓളം കപ്പലുകളിൽ എൻഎസ്എം മിസൈലുകൾ സജ്ജമാക്കാനാണ് യുഎസ് നാവികസേന തീരുമാനിച്ചിരിക്കുന്നതെന്നാണ് വ്യോമസേന ഉദ്യോഗസ്ഥർ പറയുന്ന‌ത്.  മിസൈൽ ശക്തി തെളിയിച്ച് ചൈന മുന്നോട്ടു പോകുമ്പോൾ അവയെ മറികടക്കാനുള്ള മറുമരുന്ന് ശ്രമത്തിലാണ് യുഎസ്.

നേവൽ സ്ട്രൈക് മിസൈലുകൾക്കൊപ്പം യുഎസ് നാവികസേനയുടെ മിസൈൽ പരീക്ഷണ വ്യായാമമായ സിൻകെക്സ്ന്റെ ഭാഗമായി  നിരവധി ആയുധ പരീക്ഷണങ്ങളും ചൊവ്വാഴ്ച പസഫിക് സമുദ്രത്തിൽ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ഫോർഡ് യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈൽ വിക്ഷേപണം, യുഎസ് വ്യോമസേനയുടെ ബി -52 ബോംബറുകളിൽ നിന്ന് താഴേക്ക് പതിച്ച ബോംബുകൾ, ഹാർപൂൺ മിസൈലുകളുടെ പരീക്ഷണം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു