വൈകല്യത്തെ തോൽപ്പിച്ച് മാക്സിം; സ്കേറ്റിങ്ങിൽ ഇന്ദ്രജാലം തീർത്ത് കുഞ്ഞു താരം

തീപിടിത്തത്തില്‍ രണ്ടുകാലുകളും നഷ്ടപ്പെട്ട റഷ്യന്‍ ബാലന്‍ സ്കേറ്റ്ബോര്‍‍ഡില്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറല്‍ വീഡിയോ. മാക്സിം അബ്രമോവ് എന്ന പത്തുവയസുകാരന്‍ ഇന്‍സ്റ്റഗ്രാമിലെ കുഞ്ഞു ഹീറോയാണിപ്പോള്‍.

ഇവന്‍ മാക്സിം അബ്രമോവ്. പ്രതീക്ഷയുടെ കരളുറപ്പിന്‍റെ കുരുന്നുരൂപമെന്നും ഇവനെ വിളിക്കാം. മാക്സിന് ഇരുകാലും നഷ്ടപ്പെടുന്നത് ഒരു തീപ്പിടുത്തത്തിലാണ്. 18മാസം പ്രായമുള്ളപ്പോള്‍. ഉറങ്ങിക്കിടന്ന കിടക്കക്ക് തീപിടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ മാക്സ് രക്ഷപ്പെട്ടെങ്കിലും രണ്ട് കാലും നഷ്ടമായി. അപകടത്തേതുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് മാക്സിന്റെ അമ്മയെ ശിക്ഷിച്ചു. മാക്സിനെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഒരു കുടുംബം ദത്തെടുത്തു. അവന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായിരുന്നു അത്.

 കുഞ്ഞുമാക്സിനെ അവന്റെ വളര്‍ത്തമ്മ സ്കേറ്റിംഗ് പാർക്കില്‍ കൊണ്ടുപോയതും പവെൽ മുഷ്കിൻ എന്ന കോച്ചിനെ കണ്ടുമുട്ടിയതും രണ്ടാമത്തെ വഴിത്തിരിവ്. സ്കേറ്റിങ്ങില്‍ അമ്പരപ്പിക്കുന്ന ഒരു ഇന്ദ്രജാലക്കാരനായി മാക്സ് മാറിയത് വളരെ പെട്ടെന്നായിരുന്നു. അവന്റെ ഒാരോ വീ‍ഡിയോകളും ഇൻസ്റ്റഗ്രാം  അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അനേകമാരാധകരെ സൃഷ്ടിച്ചു. അശ്രാന്തപരിശ്രമിയും ശുഭാപ്തിവിശ്വാസിയുമായ മാക്സിന്റെ വളര്‍ച്ചക്കായി കോച്ച് പവേൽ മുഷ്കിന്‌ അദ്ദേഹത്തിന്റെ പരമാവധി കഴിവും ഉപയോഗിച്ചു. അവന്റെ ലക്ഷ്യങ്ങള്‍ വളരെ ഉയരെയാണ്. സ്കേറ്റിങ്ങില്‍ ഒരു ഗിന്നസ് ലോകറെക്കോഡ്. പിന്നെ പാരാലിംപിക്സില്‍ ഒരു മെഡല്‍.മാക്സിന് മല്‍സരപ്രായമാവുമ്പോഴേക്കും സ്കേറ്റിങ്ങ് പാരാലിംപിക്സില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം നമുക്ക്.