നഗരമധ്യത്തിലെ കിണറ്റിൽ 44 മൃതദേഹങ്ങൾ; പിന്നിൽ മാഫിയയോ? വിറങ്ങലിച്ച് മെക്സിക്കോ

മെക്സിക്കോയിലെ ജാലിസ്കോയിലുള്ള ഗ്വാഡജലാരയിലെ കിണറ്റിൽ നിന്ന് 44 മൃതദേഹങ്ങൾ കണ്ടെടുത്തു. 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ക്രിമിനൽ സംഘടനകളിൽ ഒന്നായ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. 

കഴിഞ്ഞ ദിവസം നഗരത്തിൽ പലയിടത്തും ദുർഗന്ധം വ്യാപിച്ചതോടെയാണ് പ്രദേശവാസികൾ അന്വേഷണം നടത്തിയത്. തുടർന്നാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പലതും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. 

മരിച്ചവരിൽ സ്ത്രീകളും ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ഒാഗസ്റ്റിൽ മെക്സികോയിലെ ഒരു മേൽപ്പാലത്തിൽ അര്‍ദ്ധനഗ്നമായ 19  മൃതദേഹങ്ങൾ കെട്ടിത്തൂക്കിയതിനു പിന്നില്‍ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ അന്വേഷണക്കിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ‌‌

ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ മുൻനിരയിലാണ് മെക്സിക്കോ. 2018ൽ മാത്രം 29,111 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഈ വർഷം ഇതുവരെ 17,608 പേർ കൊല്ലപ്പെട്ടു. ഒരുദിവസം ശരാശരി നൂറിലധികം പേര്‍ രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്,  അധോലോക മാഫിയകൾ സജീവമാണ് രാജ്യം കൂടിയാണ് മെകിസ്ക്കോ.