കുഞ്ഞ് ജനിച്ചിട്ട് മണിക്കൂറുകൾ; അതിനെയും കൂട്ടി രക്ഷകരെ കാണാൻ കാട്ടാന; വിഡിയോ

ആനക്കഥകളും ആനക്കാര്യങ്ങളും കേൾക്കാൻ ഇഷ്ടമുള്ളവരുടെ മനസ് നിറയ്ക്കുന്നതാണ് ഇൗ ആനയുടെ അടങ്ങാത്ത നന്ദി. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഇൗ സ്നേഹക്കഥ. തന്നെ വളർത്തി വലുതാക്കിയ ജീവനക്കരനെ കാണാൻ മാസത്തിലൊരിക്കാൻ വരാറുള്ള ആന ഇത്തവണ എത്തിയത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമായിട്ടാണ്. ലോയിജക് എന്നു പേരുള്ള കാട്ടാനയുടെ ഇൗ ഹൃദ്യ വിഡിയോയും കെനിയയിലെ ഷെൽഡ്രിക് വന്യജീവി സംരക്ഷണകേന്ദ്രത്തിലെ അധികൃതർ പുറത്തുവിട്ടു.

അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് അനാഥയായ ലോയിജക് എന്ന കാട്ടാനയെ അധികൃതർക്ക് ലഭിക്കുന്നത്. പിന്നീട് ഇവിടെയായിരുന്നു ആനയുടെ വളർച്ച. ഒരു പ്രായം എത്തിയപ്പോഴേക്കും അധികൃതർ ആനയെ കാട്ടിലേക്ക് തന്നെ അയച്ചു. എന്നാൽ ഇതിന് ശേഷവും ആന നന്ദി മറന്നില്ല. എല്ലാ മാസവും തന്നെ വളർത്തി വലുതാക്കിയവരെ കാണാൻ ആന എത്തും. ജീവനക്കാർക്കൊപ്പം സമയം ചെലവഴിച്ച് കാട്ടിലേക്ക് മടങ്ങും.

എന്നാൽ ഇത്തവണ ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് ആന എത്തിയത്. പരിപാലകരിൽ പ്രധാനിയായ ബെഞ്ചമിൻ ക്യാലോയെ അടുത്തേക്ക് വിളിച്ച് കുഞ്ഞിനൊടൊപ്പം അല്പസമയം ചിലവഴിക്കാനും അമ്മ ആന അവസരം നൽകി. ലിലി എന്നാണ് കുഞ്ഞാനയ്ക്ക് അധികൃതർ പേരു നൽകിയിരിക്കുന്നത്. വിഡിയോ കാണാം.