‘മെലാനിയയ്ക്കൊരു മകനുണ്ട്’; നാക്കു പിഴച്ച് ട്രംപ്; ട്രോളി സൈബർ ലോകം

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലിയ നാക്കുപിഴ ആഘോഷിക്കുകയാണ് സൈബർ ഇടങ്ങൾ. കഴിഞ്ഞദിവസം ഇ സിഗരറ്റുകള്‍ നിരോധിക്കുന്നതിനെക്കുറിച്ചു പറയുമ്പോഴാണ് ട്രംപിന് വീണ്ടും നാക്കുപിഴച്ചത്. വിവിധ ഫ്ലേവറുകളിലുള്ള ഇ സിഗരറ്റുകളെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍പോലും ഇത്തരം രുചികരമായ സിഗരറ്റുകളുടെ അടിമകളാകുന്നതായി ട്രംപ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തവരിലെ സിഗരറ്റ് ഉപയോഗം തന്റെ മാത്രം ആകാംക്ഷയല്ലെന്നും വിഷയത്തില്‍ മെലാനിയയും ഉത്കണ്ഠാകുലയാണെന്നും കൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ മെലാനിയ ഇത്രമാത്രം ആശങ്കപ്പെടുന്നതെന്ന ചോദ്യത്തിനു നല്‍കിയ മറുപടിയാണ് ട്രംപിനെ അബദ്ധത്തില്‍ ചാടിച്ചത്. 

‘ഞാനുദ്ദേശിച്ചത്... അവര്‍ക്കൊരു മകനുണ്ട്. ചെറുപ്പക്കാരനായ ഒരു മിടുക്കന്‍ കുട്ടി. അതുകൊണ്ടാണ് അവര്‍ക്ക് ഉത്കണ്ഠ.’  ഈ മറുപടിയാണ് ട്രംപിനെ കുഴപ്പത്തിലാക്കിയത്. അദ്ദേഹത്തിന്റെയും മെലാനിയയുടെയും മകന്‍ 13 വയസ്സുകാരന്‍ ബാരനെയാണ് ട്രംപ് ഉദ്ദേശിച്ചത്. എന്നിട്ടും മകനെ മെലനിയയുടെ മകന്‍ എന്നു മാത്രം വിശേഷിപ്പിച്ചപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയതും വിവാദമായതും. സമൂഹമാധ്യമങ്ങളില്‍ ഉടന്‍തന്നെ പ്രതികരണങ്ങളുടെ ഘോഷയാത്രയായി.