അനുനയത്തിന്റെ പാതയിൽ യുഎസും ചൈനയും; ചർച്ചയ്ക്ക് ധാരണ

വ്യാപാര യുദ്ധം പരിഹരിക്കുന്നതിന് അടുത്ത മാസം ആദ്യം അമേരിക്കയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനം. ചൈനീസ് ഉപപ്രധാനമന്ത്രിയും അമേരിക്കന്‍ ട്രഷറി സെക്രട്ടറിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  

സെപ്തംബര്‍ ഒന്ന് മുതല്‍ അമേരിക്ക ചൈനയില്‍ നിന്നുളള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വഷളായ യുഎസ്  – ചൈനവ്യാപാര ബന്ധം മെച്ചപ്പെടുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കൃത്യമായ സമയം നിശ്ചയിച്ചിരുന്നില്ല. 

ചൈനീസ് ഉപപ്രധാനമന്ത്രിയും അമേരിക്കന്‍ ട്രഷറി സെക്രട്ടറിയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഒക്ടോബര്‍ ആദ്യ വാരം ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.സെപ്തംബര്‍ മധ്യത്തോടെ ചര്‍ച്ചയുടെ തീയതിയും അനുബന്ധ കാര്യങ്ങളും അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.അതേ സമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് സെപ്തംബര്‍ 1 മുതല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവയും ഒക്ടോബര്‍ 1 മുതല്‍ ചുമത്താനിരിക്കുന്ന അധിക തീരുവയും പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടില്ല. 

വ്യാപാരയുദ്ധം ലോക ജിഡിപിയെ ബാധിക്കുമെന്നും പ്രതിസന്ധി പരിഹരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഐഎംഎഫ്  ചീഫ് ഇകണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.  വ്യാപാര യുദ്ധത്തില്‍ അയവുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണികളില്‍ വന്‍ കുതിപ്പുണ്ടായി.