റോബർട്ട് മുഗാബെ അന്തരിച്ചു; വിടവാങ്ങിയത് സിംബാബ്​വെയുടെ ആദ്യ പ്രസിഡന്റ്

സിംബാവെയുടെ പ്രഥമ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സിംഗപ്പൂരിലായിരുന്നു അന്ത്യം. മുപ്പത്തേഴുവർഷം സിംബാബ്‌വെ എന്ന ആഫ്രിക്കൻ രാഷ്ട്രത്തെ നയിച്ച റോബർട്ട് മുഗാബെയുടെ ജീവിതം സംഭവബഹുലമായിരുന്നു.  അധ്യാപകവൃത്തിയിൽ തുടങ്ങി സ്വാതന്ത്യസമര നായകനായി, പിന്നീട് സ്വേച്ഛാധിപത്യത്തിലേക്കു നടന്നുകയറിയ ജീവിത ചരിത്രമാണ് മുഗാബെയുടേത്. 

 1924 ഫെബ്രുവരി 21ന് തെക്കൻ റൊഡേഷ്യയിലെ കാർപെന്ററായ ഗബ്രിയേൽ മാറ്റിബിലിയുടെയും ബോനയുടെയും മകനായാണ് മുഗാബെ ജനിച്ചത്. ബിരുദപഠനത്തിനുശേഷം പതിനഞ്ചുവർഷം അധ്യാപകനായി. 1961 ല്‍ നാഷനൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണസെക്രട്ടറിയായാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 

ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന സിംബാവെയുടെ സ്വാതന്ത്ര്യത്തിനായി മുഗാബെ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1980 ല്‍ രാജ്യം സ്വതന്ത്രമായതോടെ പ്രഥമ പ്രധാനമന്ത്രിയായി. 87 ല്‍ പുതിയ ഭരണഘടന വന്നതോടെ എക്സിക്യുട്ടീവ് പ്രസിഡന്റുമായി. പിന്നീട് എതിരില്ലാത്ത നേതാവായി മുഗാബെ വളര്‍ന്നു. അതോടൊപ്പം സ്വേഛാധിപത്യവും തലപൊക്കി. തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ടടിച്ചു. കാര്‍ഷിക,  സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നിു.  അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാണു. മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിച്ചു. രണ്ടായിരത്തി രണ്ട് ആയപ്പോഴേക്കും രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങി. 

2008 ലെ തിരഞ്ഞെടുപ്പില്‍ മുഗാബെയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായെങ്കിലും  കൈയൂക്കിലൂടെ അധികാരം നിലനിര്‍ത്തി. 2017 ആയപ്പെോഴേക്കാും മുഗാബെ ഭരണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി., ആ വര്‍ഷം നവംബറില്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നു. ഒടുവില്‍ സ്വന്തം പാര്‍ട്ടിയും തള്ളിപ്പറഞ്ഞതോടെ മുഗാബെ എന്ന ഭരണാധികാരിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.