ബൈ..ബൈ..മുഗാബെ...ഇനി ജനാധിപത്യം പൂക്കട്ടെ

ഏകാധിപത്യത്തിന്റെ ഒരുസ്വരം കൂടി നിലച്ചു. ജനങ്ങളുടെ ആ വലിയ ഒച്ചയില്‍ പിടിച്ചുനില്‍ക്കാനായില്ല തൊണ്ണൂറ്റിമൂന്നിന്റെ കരുത്ത് അവകാശപ്പെടുമ്പോഴും. 'മുഗാബെ...ബൈ..ബൈ..' ഇനി ജനാധിപത്യം പൂക്കട്ടെ. മൂന്നരപതിറ്റാണ്ടിലേറെ സിംബാബ്‍വെ അടക്കിവാണ മുഗാബെ യുഗത്തിന് അനിവാര്യമായ പരിസമാപ്തി. 

    

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തി പിന്നീട് ഏകാധിപത്യത്തിന്റെ നടനം കാഴ്ചവച്ചു റോബര്‍ട്ട് മുഗാബെ. 1980 ലാണ് മുഗാബെ അധികാരത്തിലേറുന്നത്. കൃത്യമായി പറഞ്ഞാല്‍ മുപ്പതിയേഴ് വര്‍ഷം മുഗാബെ രാജ്യം ഭരിച്ചു. ഉയര്‍ന്ന എതിര്‍ശബ്ദങ്ങളെ ജനാധിപത്യത്തിന്റെ മര്യാദകള്‍ ലംഘിച്ച് അടിച്ചമര്‍ത്തി. എല്ലാം തന്നിലേക്കൊതുക്കി അടക്കിവാണു. ഒടുവില്‍ സഹികെട്ട ജനതയുടെ  ചെറുത്തുനില്‍പ്പിന് മുന്നില്‍ കാലിടറി വീണു. അവസാനനിമിഷം വരെ പിടിച്ചുനില്‍ക്കുക എന്ന തന്ത്രം പലകുറി പയറ്റി മുഗാബെ. 

മുഗാബെയും ഭാര്യ ഗ്രേസും

ഒടുവില്‍ ഭാര്യയെ പ്രസിഡന്റാക്കാന്‍ നടത്തിയ ശ്രമവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.  അവസാനം പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സിംബാബ്‍വെ പാര്‍ലമെന്റ് നടപടി തുടങ്ങിയതിനു പിന്നാലെയാണ് മുഗാബെ രാജി പ്രഖ്യാപിച്ചത്. ഇൗ വാര്‍ത്ത നിറഞ്ഞ കയ്യടിയോടെയാണ് ജനം  സ്വീകരിച്ചത്. ഒരു ഭരണാധികാരിയുടെ എറ്റവും വലിയ പതനം  ഇനി സമധാനത്തോടെ ആ ചെറുരാജ്യം ഉറങ്ങുകയും ഉണരുകയും ചെയ്യട്ടെ. ജനാധിപത്യത്തിന്റെ വസന്തത്തിന് മണമില്ലെന്ന ധാരണ വച്ചുപുലര്‍ത്തുന്ന ഏകാധിപതിമാരുടെ ഗണത്തില്‍ ഇങ്ങേയറ്റത്തെ ഉദാഹരണം മാത്രമാണ് മുഗാബെ. ഇനിയും ആ കാറ്റ് സഞ്ചരിക്കും. കാരണം ആ വസന്തം പൂത്തത് ഹ്യദയങ്ങളില്‍ നിന്ന് ഒരുവലിയ ജനതയിലേക്കാണ്.