ആമസോണിനായി 35 കോടി നൽകി ഡികാപ്രിയോ; 16 ദിവസമായി കത്തുന്ന മഴക്കാടുകൾ

ആമസോൺ വനത്തിലെ കാട്ടുതീ ലോകമെമ്പാടും വലിയ ചർച്ചയാവുകയാണ്. വലിയ പ്രതിഷേധങ്ങളും രോഷവും പുകയുമ്പോൾ അതിന്റെ മുൻനിരയിൽ നിൽക്കുകയാണ്  ലിയനാര്‍ഡോ ഡികാപ്രിയോ. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ ചിത്രങ്ങൾ പങ്കുവച്ച് ആമസോണിലെ പ്രശ്നം ലോകമെമ്പാടും എത്തിക്കാനും അദ്ദേഹം ശ്രമിച്ചു. ഇപ്പോൾ ആമസോണ്‍ വനങ്ങളിലെ കാട്ടുതീ അണയ്ക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിനായി മുപ്പത്തിയഞ്ച് കോടി രൂപയോളം നല്‍കിയിരിക്കുകയാണ് ഡികാപ്രിയോയുടെ സംഘടന.

ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എര്‍ത്ത് അലയന്‍സ് സംഘടനയാണ് തുക നല്‍കുന്നത്. തീയണക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കുമാകും തുക കൈമാറുക‌. ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലുണ്ടായ തീ ആഗോളതലത്തിൽ ചർച്ചയായി മാറിയിരുന്നു.  ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചുകൊണ്ട് ഡികാപ്രിയോയും വിമര്‍ശനവുമായി എത്തിയിരുന്നു.

‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്’.- ലിയനാര്‍ഡോ ഡികാപ്രിയോ കുറിച്ചു.

ആമസോൺ വനങ്ങളിലെ കാട്ടുതീ അണയ്ക്കാൻ വിമാനങ്ങളുടെ സഹായത്തോടെ സൈന്യം ശ്രമം തുടങ്ങി. ആഗോള തലത്തിൽ വിമർശനം രൂക്ഷമായതോടെയാണ് സൈന്യത്തെ നിയോഗിക്കാൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ നിർബന്ധിതനായത്. നേരത്തെ കാടുവെട്ടിത്തെളിച്ച ഭാഗത്താണ് തീയുണ്ടായതെന്നും നിബിഡവനങ്ങൾ സുരക്ഷിതമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

സഹായം തേടിയ 6 സംസ്ഥാനങ്ങളിലേക്ക് 44,000 സൈനികരെ നിയോഗിച്ചതായി പ്രതിരോധമന്ത്രി ഫെർണാണ്ടോ അസെവെഡോ പറഞ്ഞു. രണ്ടു സി–130 ഹെർക്കുലിസ് വിമാനങ്ങൾ തീയണയ്ക്കാൻ ഉപയോഗിക്കും. പോർട്ടൊ വാല്യൊയിൽ 700 സൈനികർ രംഗത്തുണ്ട്. പ്രദേശം മുഴുവൻ പുക കൊണ്ടു നിറ‍ഞ്ഞിരിക്കുന്നത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.