ഗർഭിണിയാകും വരെ മാനഭംഗം; കുഞ്ഞിനെ അച്ഛന് നൽകണം; കൊടുംക്രൂരത

പ്രതീകാത്മക ചിത്രം

അടിമക്കച്ചവടത്തിന്റെ ക്രൂരകഥകൾ ഇതിന് മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇപ്പോൾ പുറത്തുവിടുന്ന വിവരങ്ങൾ ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. ലൈംഗിക അടിമകളായി മാറിയ സ്ത്രീകളാണ് ഇൗ തുറന്നു പറച്ചിൽ നടത്തിയത്. കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ യജമാനന്മാരായ ഭർത്താക്കന്മാർ ലൈംഗിക അടിമകളായ ഭാര്യമാർക്കു മുന്നിൽ രണ്ട് മാർഗങ്ങൾ നിർദേശിക്കും. ഒന്ന് കുഞ്ഞിനെ അയാൾക്കു നൽകി ജന്മനാട്ടിലേക്കു മടങ്ങിപ്പോവുക. അല്ലെങ്കിൽ അയാളുടെ അടിമയായി ജീവിതകാലം മുഴുവൻ കഴിയാം. മ്യാൻമാറിലെ ന്യൂനപക്ഷ സമുദായമായ കച്ചിൻ സമുദായത്തിൽ ജനിക്കുന്ന പെൺകുട്ടികളുടെ ഇൗ നരകജീവിതത്തിന് കാരണക്കാർ അവരെ വിലയ്ക്കു വാങ്ങുന്ന ചൈനീസ് ഭർത്താക്കന്മാരാണ്.  

ജോലി വാഗ്ദാനം ചെയ്ത് അതിർത്തി കടത്തപ്പെടുന്ന പെൺകുട്ടികളിൽ പലരും എത്തിപ്പെടുന്നത് ചൈനീസ് പുരുഷന്മാരുടെ കൈകളിലാണ്. ചന്തയിൽ നിന്ന് അവർ അടിമപ്പെണ്ണിനെ വാങ്ങുന്നത് ഭാര്യയായി ജീവിതകാലം മുഴുവൻ ഒപ്പം കൂട്ടാനല്ല. മറിച്ച് തന്നിൽ ഒരു കുഞ്ഞുണ്ടാകുന്നതുവരെ അവളെ അതിക്രൂരമായി മാനഭംഗം ചെയ്യാനാണ്. 

'ഞങ്ങൾക്കൊരു കുഞ്ഞിനെ തരൂ ഞങ്ങൾ നിന്നെ വെറുതെ വിടാം' (Give Us a Baby and We’ll Let You Go) എന്ന പേരിൽ ഹ്യൂമൻ റൈറ്റ് വാച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ലൈംഗിക അടിമകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. ഇൗ റിപ്പോർട്ട് വലിയ ചർച്ചകൾക്കും രോഷങ്ങൾക്കുമാണ് ഇടയാക്കിയിരിക്കുന്നത്. 1987 മുതലുള്ള ചൈനയിലെ ജനസംഖ്യ കണക്കിലെടുത്താൽ ഓരോ വർഷവും  പുരുഷന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെൺ ഭ്രൂണഹത്യയും, പെൺകുട്ടികളോടുള്ള അവഗണനയും ഒക്കെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വ്യത്യാസം ഏറെ ബാധിച്ചത് വിവാഹക്കമ്പോളത്തെയാണ്. ലക്ഷക്കണക്കിനു വരുന്ന ചൈനീസ് പുരുഷന്മാർക്ക് വധുക്കളെ ലഭിക്കാത്ത സാഹചര്യത്തിലാണ്  അവിടെ മനുഷ്യക്കടത്തും ലൈംഗിക വ്യാപാരവും അധികൃതരുടെ മൗനാനുവാദത്തോടെ അരങ്ങേറുന്നത്. 

മ്യാൻമാറിൽ നിന്ന് ചൈനയിലെത്തുന്ന പെൺകുട്ടികൾ പലരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊരുക്കുന്ന ചതിയിൽപ്പെട്ടാണ് ലൈംഗിക അടിമകളാകുന്നത്. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ജോലിനൽകാം എന്ന മോഹന വാഗ്ദാനം നൽകിയാണ് പെൺകുട്ടികളെ അതിർത്തിയിലെത്തിക്കുന്നത്. അതിർത്തി കടക്കുമ്പോൾ മാത്രമാണ് തങ്ങളെ ലൈംഗിക അടിമകളാക്കാനാണ് കൊണ്ടു വന്നതെന്ന സത്യം അവരിൽ പലരും മനസ്സിലാക്കുന്നത്. പരാതികൾ കൂടുമ്പോഴോ ആരുടെയെങ്കിലും സമ്മർദ്ദത്താലോ അധികൃതർ ഈ വിഷയത്തിൽ ഇടപെടുമ്പോഴൊക്കെ അറസ്റ്റിലാകുന്നത് തുടക്കക്കാരായ ബ്രോക്കർമാർ മാത്രമാണ്. ചൈനയിലെ വൻ കണ്ണികളെ ഒന്നു തൊടാൻ പോലും അവർക്കു സാധിക്കുകയുമില്ല.