കുട്ടിത്തിമിംഗലത്തിന്റെ വയറ്റിൽ 40 കിലോ പ്ലാസ്റ്റിക്; ചത്തത് കൊടുംവേദന അനുഭവിച്ച്; കണ്ണീർ

ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറു നിറയെ പ്ലാസ്റ്റിക് മാലിന്യം. 40 കിലോ പ്ലാസ്റ്റിക്ക് മാലിന്യമാണ് വയറിൽ നിന്നും കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് പൂര്‍ണവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുട്ടിത്തിമിംഗലം കരയ്ക്കടിഞ്ഞത്. ആമാശയത്തില്‍ ദിവസങ്ങളോളം ദഹിക്കാതെ അവശേഷിച്ച പ്ലാസ്റ്റിക്ക് തന്നെയാണ്   മരണത്തിനിടയാക്കിയതെന്ന് അധിക്യതര്‍ അറിയിച്ചു.ഫിലിപ്പീന്‍സിന്റെ തീരത്ത് അടിഞ്ഞ തിമിംഗലത്തിന്റെ ചിത്രങ്ങൾ രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയാവുകയാണ്.

കടലിലേക്ക് പുറന്തള്ളുന്ന എണ്ണമറ്റ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഭീകരമുഖമാണ് ഇതിലൂെട വ്യക്തമാകുന്നത്. കടൽ ജീവികളുടെ ആവാസ വ്യവസ്ഥയെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇൗ സംഭവമെന്ന് അധികൃതർ വിശദീകരിക്കുന്നു.  കൂടുതലും പ്ലാസ്റ്റിക്ക്‌ ക്യാരിബാഗുകളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും ലഭിച്ചത്. ഇതില്‍ 16 പ്ലാസ്റ്റിക്ക് അരിച്ചാക്കുകളും ഉള്‍പ്പെടുന്നു. മറ്റു പ്ലാസ്റ്റിക്ക്‌ ഇനങ്ങള്‍ തരംതിരിച്ചു വരികയാണ്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ തായ്‌ലാന്‍ഡില്‍ 80 പ്ലാസ്റ്റിക്ക് ബാഗുകള്‍ വിഴുങ്ങിയ നിലയില്‍ ഒരു തിമിംഗലം തീരത്തടിഞ്ഞതും വലിയ വാർത്തയായിരുന്നു. ഭക്ഷണമാണെന്ന് കരുതിയാണ് സമുദ്രജീവികള്‍ പ്ലാസ്റ്റിക്ക് അകത്താക്കുന്നത്.സമുദ്രത്തിലേക്ക് പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ 60 ശതമാനവും ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.