പട്ടാളവേഷത്തിൽ എത്തി; ആക്രമണം ലൈവ് സ്ട്രീമിങ് നടത്തി അക്രമി; നടുക്കം

ന്യൂസീലൻഡിൽ ക്രൈസ്റ്റ്ചർച്ചിലുള്ള രണ്ട് മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്‍റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ. വ്യാപകമായി ഇത്തരം ദൃശ്യങ്ങൾ പ്രചരിച്ചതോടെ അവ ട്വിറ്ററിനും ഫെയ്സ്ബുക്കിനും നീക്കം ചെയ്യാനാകാത്തത് പ്രതിഷേധങ്ങൾക്ക് വഴിവച്ചു. മുസ്‍ലിം പള്ളിക്ക് അകത്തും പുറത്തുമായി തുടർച്ചയായി വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമിയായ ഓസ്ട്രേലിയൻ സ്വദേശി ബ്രന്റൺ ടാറന്റ് പുറത്തുവിടുകയായിരുന്നു. 

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നെറ്റിയിലേക്ക് പോയന്‍റ് ബ്ലാങ്കിൽ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ അക്രമി തന്നെ പകർത്തി പ്രചരിപ്പിച്ചതാണ് അധികൃതർക്കു തലവേദനയുണ്ടാക്കിയത്. അക്രമത്തിന്‍റെ ദൃശ്യങ്ങൾ തത്സമയം പുറത്തുവിട്ടപ്പോഴും അത് നീക്കം ചെയ്യാൻ ട്വിറ്ററിനോ ഫേസ്ബുക്കിനോ കഴിഞ്ഞില്ല. ഇപ്പോൾ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിക്കപ്പെടുമ്പോൾ, കാണുന്ന ലിങ്കുകളെല്ലാം നീക്കം ചെയ്യുകയല്ലാതെ തുടർച്ചയായി അപ്‍ലോഡ് ചെയ്യപ്പെടുന്നത് തടയാൻ സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയുന്നില്ല.

ന്യുസീലൻഡിലെ ചെറുപട്ടണമായ ക്രൈസ്റ്റ്ചർച്ചിലുള്ള രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓസ്ട്രേലിയൻ പൗരനായ ബ്രന്റൺ ടാറന്റ്  എന്ന ഇരുപത്തെട്ടുകാരനാണ് ആക്രമണം നടത്തിയത്. ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് ഇയാൾ വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പട്ടാളവേഷത്തിലായിരുന്നു ഇയാൾ. പള്ളിയ്ക്ക് അകത്തേക്ക് കയറി പ്രാർഥിക്കാനെത്തിയ വിശ്വാസികളെ തുരുതുരാ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. ഓരോ മുറിയിലും കടന്നെത്തിയ അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നു.വെടിയുണ്ട തീർന്നതിനു ശേഷം മറ്റൊരു തോക്കെടുത്ത് പുറത്തുളളയാളുകളെയും കുട്ടികളെയും ഇയാൾ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വെൽകം ടു ഹെൽ എന്ന് തോക്കിൽ വെളുത്ത മഷി കൊണ്ട് എഴുതിയിരുന്നു.

17 മിനിറ്റോളം നീണ്ട തത്സമയവിഡിയോ സംപ്രേഷണം ഫെയ്സ്ബുക്കിന് തടയാനായില്ല. ആക്രമണം തുടങ്ങി അത് ലൈവാണെന്ന് വ്യക്തമായപ്പോൾത്തന്നെ ന്യുസീലൻഡ് പൊലീസ് ഫെയ്സ്ബുക്കിനെ വിവരമറിയിച്ചിട്ടും 17 മിനിറ്റിന് ശേഷമാണ് ഫെസ്ബുക്കിന് സംപ്രേഷണം തടയാൻ സാധിച്ചത്. ഫെയ്സ്ബുക് വിഡിയോ നീക്കം ചെയ്തെങ്കിലും പ്രക്ഷേപണം ചെയ്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഫെയ്സ്ബുക് പോലുള്ള ഒരു സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്യപ്പെട്ട വിഡിയോ കുട്ടികളടക്കം ഒട്ടേറെപ്പേർ കണ്ടിരിക്കാമെന്ന് പറയുന്നു. ഇത്തരമൊരു വിഡിയോ പോസ്റ്റു ചെയ്യപ്പെട്ടത് ഫെയ്സ്ബുക് അറിയാൻ വൈകിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തെങ്കിലും യൂട്യൂബിലും ട്വിറ്ററിലും ഇപ്പോഴുമുണ്ട്. 2017 ഏപ്രിലിലും സമാനമായ സംഭവം ആവർത്തിച്ചിരുന്നു. തന്‍റെ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊല്ലുന്നത് തത്സമയം കാണിച്ച അച്ഛന്‍റെ അക്കൗണ്ട് ഇടപെട്ട് പൂട്ടിക്കാൻ ഫെയ്സ്ബുക്കിന് കഴിഞ്ഞിരുന്നില്ല.