പട്ടിണികൊണ്ട് വലഞ്ഞ് വെനസ്വേല; ആഡംബരത്തിൽ മുങ്ങി വിപ്ലവകാരികളുടെ മക്കൾ; രോഷം

ഹ്യൂഗോ ഷാവേസ് എന്ന ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് നേതാവിനെ പോലെയൊരാളെ വെനസ്വേല എന്ന കൊച്ചുരാജ്യം ഇപ്പോൾ കൊതിക്കുന്നുണ്ടാകും. ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യം. ലോകത്തിൽ വച്ചേറ്റവും വലിയ എണ്ണ നിക്ഷേപമുളള രാജ്യം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത് നിന്ന രാജ്യം. ഇന്ന് വെനസ്വേലയിലെ അഞ്ചുപേരിൽ നാലുപേരും പട്ടിണിയിലാണ്. 

രാജ്യം മുഴുവൻ ദരിദ്രത്തിൽ വലയുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്യാപികമാരും പൊലീസുകാരും ഉൾപ്പെടുന്ന വൻ ജനവിഭാഗം സ്വന്തം ശരീരം വിൽക്കുമ്പോഴും വെനസ്വേലയുടെ ഭരണാധികാരികളുടെ മക്കൾ നടത്തുന്ന ധൂർത്തിന്റെ കഥകളാണ് ആ രാജ്യത്തെ വീണ്ടും നാണക്കേടിലേയ്ക്ക് തളളിവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാണയപ്പെരുപ്പമാണ് വെനസ്വേലയിലേത് 10,000,000%. ഇരുപത്തിയെണ്ണായിരം കോടിയാണ് വെനസ്വേലയിലെ മുൻ പ്രസിഡന്റായിരുന്നു ഹ്യൂഗോ ഷാവേസിന്റെ മൂത്ത പുത്രിയുടെ ആസ്തിയെന്നാണ് പുറത്തു വരുന്ന വിവരം. മരിയയുടെ അമ്മയും ഷാവേസിന്റെ രണ്ടാംഭാര്യയുമായിരുന്ന മരിസബേൽ റോഡ്രിസുമായുളള വിവാഹമോചനത്തോടെയാണ് ജീവനാംശമായി മരിയയ്ക്ക് ഇത്രയും വലിയ തുക ലഭിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. പാശ്ചാത്യ ബാങ്കുകളിൽ മരിയയ്ക്ക് രഹസ്യ നിക്ഷേപങ്ങൾ ഉണ്ടെന്ന വാർത്തകളും പുറത്തു വരുന്നു. 

കൈകളിൽ ചീട്ടു നിരത്തിപ്പിടിക്കും പോലെ ഡോളർ ബില്ലുകൾ പ്രദർശിപ്പിച്ചു കൊണ്ടുളള മരിയയുടെ അനുജത്തി റോസിനെസിന്റെ ട്വീറ്റ് വൻ ജനരോഷത്തിനാണ് കാരണമായത്. ട്വീറ്റ് നീക്കം ചെയ്ത് രഹസ്യമായി പാരിസിലേയ്ക്ക് കടക്കേണ്ട ഗതികേട് പോലുമുണ്ടായി റോസിനെസിന്. ഐക്യരാഷ്ട്രസംഘടനയ്ക്കുള്ള വെനിസ്വെലയുടെ 'ഓൾട്ടർനേറ്റീവ് അംബാസഡർ' എന്ന നയതന്ത്ര സ്ഥാനം പരിരക്ഷ മരിയ ആവോളം ആസ്വദിക്കുന്നുണ്ടെന്നാണ് പ്രധാന  വിമർശനം. രാജ്യത്തെ പേരുകേട്ട സർവകലാശാലയിലെ പ്രൊഫസർമാർക്ക് പത്തുമാസമായി ശമ്പളം നൽകിയിട്ട് എന്നു കൂടി ഈ വാർത്തയ്ക്കൊപ്പം ചേർത്തു വായിക്കണം. പാരിസിലെ സോർബോൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ് ഇരുപത്തൊന്നു വയസ് മാത്രം പ്രായമുളള റോസിനെസ്. അതിരുകവിഞ്ഞ ആഡംബര ജീവിതം നയിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. 

ഇസ്താംബൂളിലെ ആഡംബര വിരുന്നിൽ സെലിബ്രിറ്റി ഷെഫായ സാൾഡ് ബെയുമൊത്ത് സെൽഫിയെടുത്ത് പ്രതിരോധത്തിലായത് രാജ്യത്തിന്റെ പ്രസിഡന്റായ നിക്കോളാസ് മഡുറോ തന്നെയാണ്. ഒരു നേരത്തെ വിശപ്പടക്കാൻ പച്ചമാസത്തിനായി ജനം തെരുവിൽ കലഹിക്കുമ്പോഴാണ് ഇത്തരം പ്രവൃത്തികളെന്നതും ചർച്ച ചെയ്യപ്പെട്ടു.

മഡുറോയുടെ ദത്തുപുത്രൻമാരായ യോസ്‌വാൾ ഗാവിഡിയ ഫ്ലോറസും  വാൾട്ടർ  ഗാവിഡിയ ഫ്ലോറസും മൂന്നാഴ്ച പാരിസിൽ ആഡംബര ജീവിതം ചെലവഴിച്ചതും വിവാദങ്ങളിൽ ഇടം നേടി. വെനസ്വേലയിലെ രണ്ടായിരത്തിൽ അധികം വരുന്ന ആളുകളുടെ ഒരു മാസത്തെ ശമ്പളമായ മുപ്പതു ലക്ഷം രൂപയാണ് അവർ പാരിസിൽ ചെലവഴിച്ചതും. മഡുറോയുടെ വലം കൈയായ ഡോൾസ്‌ഡാദോ കാബെലോയുടെ മകളായ ഡാനിയേല ഫാഷൻ പ്രേമത്തിന്റെയും അതിരു വിട്ട ധൂർത്തിന്റെയും കാര്യത്തിൽ വിവാദനായികയായി മാറിയ ആളുമാണ്.

വെനസ്വേല ഒരു മാഫിയ രാജ്യമായി അതിവേഗം വളരുന്നുവെന്നാണ് കണക്കുകൾ. പണത്തിന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത കുറവിനൊപ്പം സുരക്ഷാപ്രശ്നങ്ങളും വെനസ്വേലയിൽ പിടിമുറുക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ആഭ്യന്തര കലാപങ്ങളിൽ ഇവിടെ മരിച്ചു വീഴുന്നത്. കൊളളയും കൊളളിവയ്പ്പും വ്യാപകമാകുന്നു. സർക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനൽ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കും െകാളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. 'കാർട്ടൽ ഓഫ് ദ സൺ' എന്ന വെനസ്വേലയിലെ പ്രമുഖ ലഹരിക്കടത്ത് മാഫിയയ്ക്ക് വേണ്ടി മന്ത്രിമാർ അടക്കമുളളവർ പ്രവർത്തിരിച്ചുവെന്നത് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. വെനസ്വേലയുടെ മുൻ വൈസ് പ്രസിഡന്റ്. പ്രസിഡന്റ് മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറൻസ്, മകൻ തുടങ്ങിയവർ ഈ മാഫിയയുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന് ആരോപണം വൻ കോലാഹലമാണ് ഉണ്ടാക്കിയത്.

ഒരു രാജ്യം രണ്ടു പ്രസിഡന്റുമാർ നാളുകളായി വെനസ്വേല പേറുന്ന ദുരിതമാണിത്. ഒരിക്കല്‍ ജനാധിപത്യത്തിന്റെ അഭയസ്ഥാനമായിരുന്നു വെനസ്വേല. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ മുന്നോട്ടുള്ള യാത്രയില്‍ വിചിത്രമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ഇപ്പോള്‍ കപട ജനാധിപത്യം മാത്രം നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യമായി മാറുകയും ചെയ്തിരിക്കുന്നു. അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വാൻ ഗ്വീഡോ രംഗത്തെിയതോടെയാണ് വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും മറനീക്കിയത്. 

2013 മാര്‍ച്ച് 5നാണ് 14 വര്‍ഷക്കാലം വെനസ്വേലയെ ഭരിച്ച ഷാവെസ്  എന്ന കരുത്താനായ നേതാവ് അന്തരിച്ചത്.999-ല്‍ വെനസ്വേലയുടെ ഭരണചക്രം ഏറ്റെടുത്ത ഷാവെസ് 2013-ല്‍ മരിക്കുന്നതു വരെ വെനസ്വേലയുടെ പ്രസിഡന്റായി തുടര്‍ന്നു. രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഷാവെസ്. മേഖലയിലെ വന്‍ശക്തിയായ അമേരിക്കയെ തുറന്നെതിര്‍ത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ചതും ഷാവെസായിരുന്നു.

ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം. പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് 1999ൽ വെനസ്വേലയുടെ പ്രസിഡന്റായി  നാൽപ്പത്തിനാലാം വയസിൽ അവരോധിക്കപ്പെട്ടപ്പോൾ  വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി ആശാവഹമായിരുന്നില്ല. ജനങ്ങളിൽ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു. എണ്ണവില പെട്ടെന്നുയരാൻ തുടങ്ങുകയും കാലക്രമത്തിൽ 100 ഡോളർ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിർമാർജനത്തിനുള്ള ഒട്ടേറെ പരിപാടികൾ നടപ്പാക്കാൻ എണ്ണപ്പണം ഷാവെസ് ഉപയോഗിച്ചു. ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ സന്തുഷ്ടരായി. തുടർന്ന് നടത്തിയ മൂന്നു തിരഞ്ഞെടുപ്പുകളിൽ ഷാവെസ് തന്നെ വെനസ്വേലയിൽ ജയിച്ചു കയറി. യുഎസ് ഉപരോധംമൂലം വീർപ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളർ ഷാവെസിനു തുണയായി.   

ഷാവെസ് 2013 ൽ കാൻസർ മൂലം മരണപ്പെട്ടതോടെ മഡൂറോ പ്രസിഡന്റായി. ഇതോടെ വെനസ്വേലയുടെ പതനം പൂർത്തിയായി. ബസ് ഡ്രൈവറും തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ഇൗ അമ്പത്തിയഞ്ചുകാരൻ ഷാവെസിന്റെ വിദേശമന്ത്രിയായിരുന്നു. പക്ഷേ, ജനപ്രീതിയിലും വ്യക്തി പ്രഭാവത്തിലും ഷാവെസിന്റെ നാലയലത്തുപോലും എത്താൻ മഡൂറോയ്ക്കായില്ല. രാജ്യാന്തര വിപണിയിൽ എണ്ണ വില അടിക്കടി ഇടിയുകയും വെനസ്വേല വൻസാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ അതിനെ നേരിടുന്നതിൽ മഡൂറോ പരാജയപ്പെടുകയും ചെയ്തു.