അമേരിക്കയില്‍ ശമ്പളവിതരണം മുടങ്ങി; കടുത്ത സാമ്പത്തിക പ്രതിസന്ധി

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. രാജ്യത്ത് വിവിധ മേഖലയിലുള്ള തൊഴിലാളികള്‍ക്കുള്ള ശമ്പളവിതരണം ഇന്നലെ മുടങ്ങി. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിേഷധം ആരംഭിച്ചിരിക്കുകയാണ് 

അഭയാര്‍ഥികളുടെ കടന്നുകയറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് പണം അനുവദിക്കാത്തതിനാല്‍ കഴിഞ്ഞ ബജറ്റിന് പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ്  അനുമതി നല്‍കിയരുന്നില്ല. ഇതേതുടര്‍ന്ന് ഡിസംബര്‍ 22 മുതലാണ് രാജ്യത്ത് സാമ്പത്തീക പ്രതിസന്ധി ഉടലെടുത്തത്. 

ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും. എട്ട് ലക്ഷത്തോളം പേര്‍ക്ക് ശമ്പളം മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ശമ്പളം മുടങ്ങിയതിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നിതുടങ്ങിയിട്ടുണ്ട്.

പാസായി ലഭിക്കാത്ത ശമ്പളബില്ലുകള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുന്നവരും കൂട്ടത്തിലുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബാങ്കുകളില്‍ നിന്ന് കടമെടുക്കേണ്ട സാഹചര്യമാണെന്നാണ് ജനങ്ങളുടെ പ്രതികരണം 

രാജ്യത്തെ സാമ്പത്തീക പ്രശ്നങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. തനിക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ ഉത്തരവിടാനുള്ള അധികാരമുണ്ടെന്നും പറഞ്ഞ ട്രംപ് നിലവില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

അതേ സമയം അഭയാര്‍ഥികളുടെ വരവ് തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള നീക്കത്തില്‍ നിന്നു പിന്നോട്ടില്ലെന്ന സൂചനകള്‍ തന്നെയാണ് ട്രംപിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.