ഫ്രാൻസിസ് മാർപ്പാപ്പയെ വരവേൽക്കാൻ യു.എ.ഇ; സന്ദർശനം ഫെബ്രുവരിയിൽ

ഫ്രാൻസിസ് മാർപ്പാപ്പ അടുത്തവർഷം ഫെബ്രുവരിയിൽ യു.എ.ഇ സന്ദർശിക്കും. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മാർപ്പാപ്പയെത്തുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും, വത്തിക്കാനും സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയായിരിക്കും സന്ദർശനം.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപ്പാപ്പ ആദ്യമായാണ് യു.എ.ഇ സന്ദർശിക്കാനൊരുങ്ങുന്നത്. 2016 ജൂണിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വസൈന്യാധിപനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മാർപ്പാപ്പയെ വത്തിക്കാനിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നു. സമാധാനവും സഹിഷ്ണുതയും സാഹോദര്യവും പ്രചരിപ്പിക്കാനുള്ള പ്രതീകമാണ് മാർപ്പാപ്പയെന്നും ചരിത്രപരമായ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. 

മാർപ്പാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വീറ്റ് ചെയ്തു. സമാധാനവും സാഹോദര്യവും പടുത്തുതയർത്താനും ശക്തിപ്പെടുത്താനും മാർപ്പാപ്പയുടെ സന്ദർശനം സഹായകരമാകുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.  എന്നെ അങ്ങയുടെ സമാധാനത്തിൻറെ മധ്യസ്ഥനാക്കി മാറ്റണമെന്നതാണ് മാർപ്പാപ്പയുടെ സന്ദർശനത്തിൻറെ പ്രമേയമെന്ന് വത്തിക്കാൻ വ്യക്തമാക്കി.