ഹെയർ ഡൈ ചെയ്തു; മുഖം തടിച്ചു വീർത്തു ബൾബ് പോലെയായി; നരകവേദന

ഹെയർ ഡൈ ചെയ്ത ഫ്രഞ്ച് യുവതിയുടെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഡൈയ്ക്കു പിന്നാലെ യുവതിയുടെ മുഖം അസാധാരണവിധം വീർത്ത് തടിക്കുകയായിരുന്നുവെന്നും ഡൈ മൂലമുണ്ടായ അലർജിയെ തുടർന്ന് മുഖം വികൃതമായെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പത്തൊൻപതുകാരിയായ എസ്തെല്ല എന്ന യുവതിയാണ് ഹെയർ ഡൈ ചെയ്തതിനു ശേഷമാണ് മുഖം വിരൂപമായതെന്ന ആരോപണവുമായി രംഗത്തെത്തിയത്.

അലർജി തടയാനുളള മരുന്ന് കഴിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും  മുഖം 22 ഇഞ്ചിൽ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ചുവെന്നും എസ്തലേ പറയുന്നു. പ്രോഡക്ട് ടെസ്റ്റ് ചെയ്യുന്നതിനായി വളരെ കുറച്ച് മാത്രമാണ് താൻ പരീക്ഷിച്ചതെന്നും ഹെയർഡേ മുഖത്ത് അബദ്ധത്തിൽ പടർന്നതോടെ  അസാധാരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നുവെന്നും എസ്തലേ പറയുന്നു.

ഡാർക്ക് നിറത്തിലുളള ഹെയർ ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും അടങ്ങിയ പാരഫിനിലെനിഡയാമിൻ (പിപിഡി) എന്ന കെമിക്കലാണ് എസ്തലേയ്ക്ക് അലർജിയുണ്ടാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു. മുഖം മാത്രമല്ല നാക്കും തടിച്ചു വീർത്തു. ഹെയർ ഡൈ ഉപയോഗിച്ചതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഒരു രാത്രി മുഴുവൻ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് മുഖം വീർക്കുന്നത്. വിദഗ്ദമായ ചികിത്സയ്ക്ക് ശേഷം അവർ പഴയ രൂപത്തിലേയ്ക്ക് മടങ്ങിയെന്ന് ഡോക്ടർമാർ പറയുന്നു. 

ഇത്തരത്തിലുളള അലർജികൾ ശരീരത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ശ്വാസതടസവും കഠിനമായ ശരീരവേദനയും കിഡ്നികളുടെ തകരാരിനും വഴിവയ്ക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. മരണത്തിനു തുല്യമായ നരകവേദന താൻ അനുഭവിച്ചുവെന്നും ഇനിയും ആർക്കും ഇത്തരത്തിലുളള അനുഭവങ്ങൾ ഉണ്ടാകരുതെന്നും എസ്തലേ പറഞ്ഞു.