കലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചു

കലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ. വടക്കന്‍ മേഖലയിലും ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറുമാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇതുവരെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നരലക്ഷം പേരെ വീടുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വാഷിംഗ്ടണില്‍ നിന്നുളള നൂറോളം അഗ്നിശമനാസേനാ ജീവനക്കാരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.

വൂല്‍സീ കാട്ടുതീയാണ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാനപാതയായ ഹൈവേ 101 ലാണ് തീ പടര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് 14,000 ഏക്കര്‍ ഭൂമി കത്തിനശിച്ചിട്ടുണ്ട്. അഞ്ച് പേരെ വെന്തുമരിച്ച നിലയില്‍ കാറിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി നശിച്ചു. നഗരത്തിലേക്കും തീ പടര്‍ന്നതോടെ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്. 

കലബാസിൽ, മലിബു എന്നിവടങ്ങളിലാണ് സിനിമാ ടെലിവിഷൻ മേഖലയിലെ പല പ്രമുഖരും താമസിക്കുന്നതും. കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി പ്രമുഖ താരങ്ങള്‍ താമസിക്കുന്ന ഈ പ്രദേശങ്ങളിൽ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ല.  നഗരത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് കിം കർദിഷിയാൻ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. മാലിബുവിലുളള വീട്ടില്‍ നിന്നും മാറി താമസിച്ചതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി.  ഓസ്കര്‍ പുരസ്കാര ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും പ്രദേശത്ത് നിന്നും മാറി താമസിച്ചതായി അറിയിച്ചു.കഴിഞ്ഞ ദിവസം 12 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്ന ബാര്‍ സ്ഥിതി ചെയ്യുന്ന പ്രദേശവും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. 

ബുട്ടെ കൗണ്ടിയിലെ ക്യാംപ് കാട്ടുതീയില്‍ പെട്ടുപോയ കാറിനുള്ളില്‍ നിന്നാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മലിബു പട്ടണവും അഗ്നിക്കിരയായി. നിരവധി വീടുകളും വാഹനങ്ങളും ഇതിനകം കത്തിനശിച്ചു. ശക്തമായ കാറ്റ് തീ അതിവേഗം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നുണ്ട്. ലൊസാഞ്ചലസിനു നാൽപതു മൈൽ ബോർഡർ ലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പില്‍ അക്രമിയും പൊലീസ് ഓഫിസറും ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി കലിഫോർണിയയെ പിടിച്ചു കുലുക്കുന്നത്. സംഭവത്തിൽ  ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഇരുനൂറിലധികം പേർ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌ നൈറ്റ് പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.