പൊലീസുകാരൻ ബുക്കും പേപ്പറും ചോദിച്ചു; പാൽക്കാരൻ റോയല്‍ എന്‍ഫീല്‍ഡിന് തീയിട്ടു

ഹരിയാനയിലെ ഗുരുഗ്രാമിൽ വാഹനത്തിന്റെ രേഖകൾ ചോദിച്ച പൊലീസുകാരന്റെ മുമ്പിൽ വച്ച് പാൽ വിൽപ്പനക്കാരൻ തന്റെ റോയൽ എൻഫീൽഡ് ബുളറ്റ് അഗ്നിക്കിരയാക്കി. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വഴിയാത്രക്കാരും കടക്കാരും നോക്കിനിൽക്കേ നടന്ന സംഭവം വൻ പരിഭ്രാന്തി പരത്തി. വഴിയാത്രക്കാർ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെ സംഭവം കാട്ടുത്തീ പോലെ പടരുകയും ചെയ്തു. 

മുപ്പതു വയസോളം പ്രായം തോന്നിക്കുന്ന പാൽക്കാരൻ ടീ ഷർട്ടാണ് ധരിച്ചിരുന്നത്. ഒരു കറുത്ത ഷാൾ കഴുത്തിൽ ചുറ്റിയിരുന്നു. റോയൽ എൻഫീൽഡിന്റെ പുറകിൽ രണ്ട് വലിയ പാത്രം നിറയെ പാല്‍ കെട്ടിവച്ചിരുന്നു. ഇയാളുടെ വണ്ടിയുടെ നമ്പർ പ്ലേറ്റിനു പകരമായി ഓം നമ ശിവായ എന്നാണ് എഴുതിയിരുന്നത്. ഇയാൾ ഹെൽമെറ്റും ധരിച്ചിരുന്നില്ലെന്നും െപാലീസ് പറയുന്നു. 

പിഴ അടപ്പിക്കാനായി ഇയാളെ തടഞ്ഞ പൊലീസുകാരോട് ഇയാൾ തട്ടികയറുകയായിരുന്നു. വണ്ടിയുടെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രതി രോഷാകുലനായത്. തുടര്‍ന്ന് ഇന്ധന പൈപ്പ് ഊരിയ പ്രതി ബൈക്കിന് തീയിടുകയായിരുന്നു.  ജനങ്ങള്‍ പരിഭ്രാന്തിയിലായ സമയം ഇയാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തില്‍ ഗുരുഗ്രാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ മോഷ്ടിച്ച വണ്ടിയാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.