'അവരിതു ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല'; കണ്ണ് നിറഞ്ഞ് ഫാക്ടറി ഉടമ

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീവച്ച ജീവനക്കാര്‍ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഫാക്ടറി ഉടമ‍.ഫാമിലി പ്ലാസ്റ്റിക്സിലെ ജീവനക്കാർ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അവരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉടമ സിംസൺ ഫെർണാണ്ടസ് പറഞ്ഞു. മൺവിളയിലെ തന്റെ ഫാക്ടറിയിൽ ഏതാനും അസി.മാനേജർമാരും 36 സൂപ്പർവൈസർമാരും ഉണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതു താൻ നേരിട്ടാണെന്നും ഇന്നുവരെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാതൊരു നടപടികളും തന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'അവരിതു ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല'- പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന വാർത്തയറിഞ്ഞ  സിംസൺ ഫെർണാണ്ടസിനു നടുക്കം ഇനിയും മാറിയിട്ടില്ല. എല്ലാത്തിനും ഒപ്പമുണ്ടായിരുന്നിട്ടും ഒരു ലൈറ്ററിലെ തീപ്പൊരിയിൽ ഇവർ അണച്ചത് 500 ജീവനക്കാരുടെ സ്വപ്നങ്ങളാണ്. കഴക്കൂട്ടം സ്വദേശിയായ ബിനു രണ്ടുവർഷം മുൻപ് ഫാമിലി പ്ലാസ്റ്റിക്സിലെത്തിയത് അച്ഛന്റെ അനിയന്റെ ശുപാർശ വഴിയാണ്. വലിയ ബുദ്ധിമുട്ടാണെന്നു പറഞ്ഞാണ് സിംസണിനെ കാണാനെത്തിയത്. ഉടൻ ജോലി കൊടുക്കുകയും ചെയ്തു. ജോലി കിട്ടിയ ശേഷം ബിനുവിന്റെ കല്യാണവും നടന്നു. മറ്റൊരു പ്രതിയായ ബിമലിന്റെ അമ്മ ഫാമിലി പ്ലാസ്റ്റിക്സിലെ ജീവനക്കാരിയായിരുന്നു. അമ്മ ജോലിയിൽനിന്നു മാറിയപ്പോൾ മകനു പകരം ജോലി നൽകി.

ജീവനക്കാരായ ബിമല്‍, ബിനു എന്നിവരാണ് അറസ്റ്റിലായത്.  കുറഞ്ഞ ശമ്പളമാണ് കടുംകൈ ചെയ്യാന്‍ ഇരുവരെയും പ്രേരിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.  

ഫാമിലി പ്ലാസ്റ്റിക്സിലെ സ്റ്റോര്‍ ജീവനക്കാരനായ ചിറയിന്‍കീഴ് സ്വദേശി പത്തൊന്‍പതുകാരനായ  ബിമലാണ്  ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയത്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്കാണ് തീയിട്ടത്.  സംഭവദിവസത്തെ സി.സി.ടി.വി ദൃശങ്ങളില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മൊഴിയും നിര്‍ണായകമായി. ബിമലും കൂട്ടുപ്രതി കഴക്കൂട്ടം സ്വദേശി ബിനുവും കുറ്റം സമ്മതിച്ചെന്ന്  സൈബര്‍ സിറ്റി എസിപി ആര്‍.അനില്‍കുമാര്‍ അറിയിച്ചു. തീയിടാന്‍ പദ്ധതിയിട്ടെങ്കിലും ഇത്രയും വലിയ നാശമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് പ്രതികളുടെ മൊഴി.  പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായും സംശയിക്കുന്നു.

രണ്ടുപേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തും. പ്രതികളെ ഫാക്ടറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. .അട്ടിമറി സാധ്യത  ഫയര്‍ ഫോഴ്സ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. തീപിടിത്തതിന് മുമ്പുളള സിസിടിവി  ദൃശ്യങ്ങളില്‍ രണ്ടുപേരെ സംശയകരമായി  കണ്ടതായി ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ടിലുണ്ട്.  കമ്പനി ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍.ഒ.സി എടുത്തിരുന്നില്ലെന്നും  ഫയര്‍ ഫോഴ്സ് കണ്ടെത്തി റിപ്പോര്‍ട്ട്തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. കഴിഞ്ഞ 31 ന് രാത്രി ഏഴുമണിക്കാണ് ഫാക്ടറിയില്‍ തീപിടിത്തം ഉണ്ടായത്.