ട്രംപ് ഭരണത്തിന്റെ ഹിതപരിശോധനയോ? അമേരിക്ക ആർക്കൊപ്പം?

അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.  ചരിത്രത്തിലെ ഏറ്റവും വീറുംവാശിയും നിറഞ്ഞ പോരാട്ടം ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാകും. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കും ജനങ്ങള്‍ ഇന്ന് വിധിയെഴുതും. അവസാനമണിക്കൂറുകളില്‍വരുന്ന അഭിപ്രായ സര്‍വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. 

ഇതുപോലൊരു തിരഞ്ഞടുപ്പ്  ഇതിന് മുന്‍പ് അമേരിക്ക കണ്ടുകാണില്ല. അത്രയ്ക്ക് കടുത്ത പോരാട്ടത്തിലാണ് രാജ്യം.  20 മാസത്തെ ട്രംപ് ഭരണത്തിന്‍മേലുള്ള ഹിതപരിശോധനയ്ക്കാണ് അമേരിക്ക വേദിയാകുന്നത്. ട്രംപ് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന് ഇത്ര വീറും വാശിയും നിറച്ചതും. പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും ഇടക്കാല തിരഞ്ഞടുപ്പില്‍ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധിസഭയിലേയും സെനറ്റിലേയും ഭൂരിപക്ഷം കുറഞ്ഞാല്‍ ട്രംപിന്റെ തുടര്‍ ഭരണം സുഗമമാവില്ല. നയങ്ങള്‍ പലതും തിരുത്തേണ്ടിവരും. മറിച്ചാണെങ്കില്‍ അമേരിക്കയില്‍ ട്രംപ് കൂടുതല്‍ കരുത്തനാകും. അവസാനമണിക്കൂറുകളില്‍ പുറത്തുവരുന്ന അഭിപ്രായസര്‍വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്.

435 സീറ്റുകളുള്ള ജനപ്രതിനിധിസഭയില്‍ നിലവില്‍ 236 റിപ്പബ്ലിക്കന്‍മാരും 193 ഡെമോക്രാറ്റുകളുമാണ് ഉള്ളത്. ഭൂരിപക്ഷത്തിന് വേണ്ടത് 218 സീറ്റുകളാണ്.  100 സീറ്റുകളുള്ള സെനറ്റിര്‍ 51 സീറ്റുകള്‍ വേണം ഭൂരിപക്ഷം ഉറപ്പാക്കാന്‍. ജനപ്രതിധിസഭ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും. 2016ല്‍ ട്രംപിനൊപ്പം നിന്ന പത്ത് സംസ്ഥാനങളില്‍ മല്‍സരിക്കുന്ന ഡെമോക്രാറ്റുളുടെ വിജയമായിരിക്കും സെനറ്റിലെ ഭൂരിപക്ഷത്തില്‍ നിര്‍ണായകം. പലസ്ഥലങ്ങളിലും നേരത്തെ പോളിങ് ആരംഭിച്ചെങ്കിലും ഇന്നാണ് ഔദ്യോഗിക വോട്ടെടുപ്പ് ദിനം. പോളിങ് പൂര്‍ണമായു അവസാനിച്ചാല്‍ പിന്നാലെ വോട്ടുകള്‍ എണ്ണിതുടങ്ങും.