ഖഷോഗിയുടെ മൃതദേഹം വിട്ടുകിട്ടണം; മക്കയിൽ സംസ്കരിക്കണമെന്ന് മക്കൾ

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം കിട്ടണമെന്നാവശ്യപ്പെട്ട് മക്കൾ രംഗത്ത്. മൃതദേഹം മക്കയിൽ സംസ്കരിക്കണമെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തി്ന നൽകിയ അഭിമുഖത്തിൽ സലാ, അബ്ദുള്ള ഖഷോഗി എന്നിവർ പറഞ്ഞു.

''ഇതൊരു സാധാരണ സാഹചര്യമല്ല. സാധാരണ മരണവുമല്ല. സൗദിയിലെ മക്കയിൽ അദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കണം എന്ന ഒരൊറ്റ ആവശ്യമേ ഞങ്ങൾ മുന്നോട്ടുവെക്കുന്നുള്ളൂ.'' ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു. 

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് ഖഷോഗി കൊല്ലപ്പെടുന്നത്. കൊലപാതകത്തിൽ പിന്നിൽ‌ സൗദിയാണെന്നാരോപിച്ച്  തുർക്കി രംഗത്തെത്തുകയും ചെയ്തു. 

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് സൗദി നല്‍കിയ വിശദീകരണം. ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായില്ല.

കഴിഞ്ഞ മാസം രണ്ടാം തീയതിയാണു സൗദി ഭരണകൂടത്തിന്റെ സ്ഥിരം വിമര്‍ശകനും വാഷിങ്ടൻ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയെ ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍നിന്നു കാണാതായത്. ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ടായെങ്കിലും എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു തുര്‍ക്കി പൊലീസ് വ്യക്തമാക്കിതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കടുത്ത സമ്മര്‍ദമാണു സൗദി നേരിട്ടത്