അമാൽ എന്ന കണ്ണുനീർത്തുള്ളി; യെമനിലെ യുദ്ധക്കെടുതിയുടെ പ്രതീകം: പൊള്ളി ലോകം

യെമനിലെ അറുതിയില്ലാ യുദ്ധയാതനകളുടെ നേർക്കാഴ്ചയായി മാറിയ 7 വയസ്സുകാരിയുടെ പട്ടിണിക്കോലം ന്യൂയോർക്ക് ടൈംസ് പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ അതു കണ്ടു ഹൃദയം തകർന്ന വായനക്കാർ സഹായവാഗ്ദാനവുമായി എഴുതിച്ചോദിച്ചു: ആ കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട്?

അവൾ– അമാൽ ഹുസൈൻ– ഇപ്പോൾ ജീവിച്ചിരിപ്പില്ല.  വടക്കൻ യെമനിൽ, അഭയാർഥിക്യാംപിലെ ദുരിതക്കിടക്കയിൽ മരണവും കാത്തു കിടന്ന എല്ലുന്തിയ കുഞ്ഞുശരീരം നിശ്ചലമായി. ഹൃദയമുള്ളവർക്കാർക്കും കണ്ടുനി‍ൽക്കാൻ പ്രയാസമുള്ള ദൈന്യവുമായി അമാലിന്റെ കൊച്ചുകണ്ണുകൾ അടഞ്ഞ കാര്യം അമ്മ മറിയം അലിയാണു കണ്ണീരോടെ ലോകത്തെ അറിയിച്ചത്. തന്റെ ഹൃദയം തകർന്നെന്നായിരുന്നു മാതാവ് വിലപിച്ചത്. തന്റെ മറ്റു മക്കൾക്കു കൂടി ഈ ഗതി വരുമെന്ന ആശങ്കയിലാണ് ഈ അമ്മ. 

പട്ടിണിയും രോഗവും മൂലം യെമനിൽ ഒരോ 10 മിനിറ്റിലും ഒരു കുഞ്ഞു മരിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. 18 ലക്ഷം കുട്ടികൾ പോഷകാഹാരമില്ലാതെ നരകിക്കുകയാണെന്നും യുനിസെഫ് മധ്യപൂർവദേശ മേധാവി ഗീർത് കാപ്പലേ‍ർ പറയുന്നു

എല്ലും തോലുമായ ആ പെൺകുഞ്ഞിന്റെ ചിത്രം യെമനിലെ സാധാരണക്കാരുടെ കെടുതി മുഴുവൻ വിളിച്ചറിയിക്കുന്നതായിരുന്നു. പുലിറ്റ്സർ പുരസ്കാര ജേതാവായ ടൈലർ ഹിക്സാണ് ചിത്രം പകർത്തിയത്. 

2014 മുതൽ യെമനിൽ യുദ്ധം തുടരുകയാണ്. അറബ് ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് യെമൻ. ഹൂതി വിമതരും സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയും തമ്മിലാണ് പോരാട്ടം. യുദ്ധം രാജ്യത്തെ കനത്ത നാശത്തിലേക്കാണ് നയിച്ചത്.