പ്രചാരണം ഉച്ചസ്ഥായിയിൽ; അമേരിക്ക പാർലമെന്റ് തിരഞ്ഞെടുപ്പ് ചൂടിൽ

വോട്ടെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ അമേരിക്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ. പ്രസിഡന്റ്  ഡോണൾട് ട്രംപിന്റെ സ്വീകാര്യത കൂടിയാണ് ഇക്കുറി ചോദ്യം ചെയ്യപ്പെടുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകൾ, സെനറ്റിലെ 35 സീറ്റുകൾ ,പോരാട്ടം കോൺഗ്രസിലേക്കെങ്കിലും വാർ റൂം വൈറ്റ് ഹൗസിൽ തന്നെയാണ്. വിവാദങ്ങൾ വിട്ടൊഴിയാത്ത പ്രസിഡന്റ് ട്രംപിന് ഇത് അഭിമാന പോരാട്ടമാണ്. ഇംപീച്ച്മെന്റ് നടപടികൾ ലക്ഷ്യമിട്ട് ജനപ്രതിനിധി സഭ പിടിക്കാനിറങ്ങിയിരിക്കുന്ന ഡെമോക്രാറ്റുകളെ തളച്ചേ മതിയാകൂ അദ്ദേഹത്തിന്. 

ഇരുസഭകളിലും നിലവിൽ റിപ്പബ്ലിക്കൻമാർക്കാണ് മുൻതൂക്കം. പക്ഷേ രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെല്ലാം പ്രസിഡന്റിന്റെ പാർട്ടി പാർലമെന്റിൽ പരാജയപ്പെട്ടിട്ടേയുള്ളൂ. ഡോണൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടെന്ന സർവെ ഫലങ്ങളാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷയേറ്റുന്നത്. സെനറ്റിൽ മാത്രം റിപ്പബ്ലിക്കൻമാരുടെ 23 സീറ്റുകൾ പിടിച്ചെടുക്കേണ്ടതുണ്ട് പ്രതിപക്ഷത്തിന് കരുത്ത് തെളിയിക്കാൻ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ ട്രംപ് നയങ്ങൾക്കായി എന്നതാണ് റിപ്പബ്ലിക്കൻ പ്രതീക്ഷയുടെ അടിസ്ഥാനം. 36 സംസ്ഥാനങ്ങളുടെ ഗവർണർമാരെയും ഇക്കുറി തിരഞ്ഞെടുക്കും.