മാര്‍പാപ്പയെ ക്ഷണിച്ച് കിം ജോങ് ഉൻ; ക്ഷണക്കത്ത് ദക്ഷിണ കൊറിയ നൽകും

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉത്തരകൊറിയയിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് കിം ജോങ് ഉന്‍. വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ മുഖാന്തരമാവും കിം മാര്‍പാപ്പയെ ക്ഷണിക്കുക. സമാധാനമാര്‍ഗത്തിലേക്കുള്ള ഉത്തരകൊറിയുടെ നയവ്യതിയാനത്തിന് ആഗോളസ്വീകാര്യത നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കിം ജോങ് ഉന്നിന്റെ നാടകീയ നീക്കം. എട്ടു ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ വത്തിക്കാനിലെത്തുന്ന ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ ഉത്തരകൊറിയയുടെ ക്ഷണക്കത്ത് മാര്‍പാപ്പയ്ക്കു നല്‍കും. 

കൊറിയന്‍ ഭരണാധികാരികളുടെ ഒടുവിലത്തെ കൂടിക്കാഴ്ചയില്‍ ദക്ഷിണകൊറിയന്‍ സംഘത്തിലുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് ഹൈഗിനസ് കിമ്മിനോട് നേരിട്ടും ഇക്കാര്യം കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. മതസ്വാതന്ത്ര്യം  നല്‍കിയിട്ടുണ്ടെങ്കിലും മതചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഉത്തരകൊറിയ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കത്തോലിക്കാ സഭയ്ക്ക് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വത്തിക്കാനുമായുള്ള ബന്ധത്തിന് വിലക്ക് നിലവിലുണ്ട്. കിമ്മിന്റെ ക്ഷണം മാര്‍പാപ്പാ സ്വീകരിച്ചാല്‍ നിലവിലെ ദുസ്ഥിതി മാറുമെന്നാണ് 30 ശതമാനത്തോളം വരുന്ന ക്രൈസ്തവ വിശ്വാസികളുടെ പ്രതീക്ഷ.