ഇറാനില്‍ സൈനിക പരേഡിനിടെ വെടിവെയ്‍പ്; 24 മരണം

ഇറാനില്‍ സൈനിക പരേഡിനിടെയുണ്ടായ വെടിവയ്പ്പില്‍ ഇരുപത്തിനാല് മരണം. അവാസ് നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ അമ്പതിലധികംപേര്‍ക്ക് പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ തോക്കുധാരികളാണ് ആക്രമണം നടത്തിയത്.  സംഭവം തീവ്രവാദി ആക്രമണമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു

1980 ലെ ഗള്‍ഫ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രാദേശിക പരേഡുകളിലൊന്നിലാണ് ആക്രമണമുണ്ടായത്. തെക്കുപടിഞ്ഞാറന്‍ നഗരവും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ശക്തികേന്ദ്രവുമായ അവാസിലെ പരേഡ് ഗ്രൗണ്ടിന് സമീപത്തെ പാര്‍ക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലെ നിലയുറപ്പിച്ച നാലംഗസംഘമാണ് നാടകീയമായി വെടിയുതിര്‍ത്തത്. പരേഡിന് സാക്ഷ്യംവഹിക്കാനെത്തിയ സാധാരണക്കാര്‍ക്കുനേരെ വെടിവയ്പ്പ് തുടങ്ങിയ സംഘം പിന്നീട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുനേരെ തിരിഞ്ഞു. കൊല്ലപ്പെട്ടവരില്‍ എട്ട് സൈനികരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.

പത്തുമിനിട്ട് നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. രണ്ടുപേരെ ജീവനോടെ പിടികൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.  എന്നാല്‍ ഇറാന്‍വിരുദ്ധ നിലപാടുള്ള വിദേശരാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ഭീകരാക്രമണമാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.