സ്കൂട്ടറിന് മുകളിൽ ട്രക്ക് കയറിയിറങ്ങി, രക്ഷപെട്ട് യുവതി; അമ്പരപ്പ്: വി‍ഡിയോ

ആദ്യം കാണുമ്പോൾ ഇത് വലിയ ഒരു ദുരന്തത്തിന്റെ ഭീകരദൃശ്യമാണെന്ന് തോന്നും. പക്ഷേ ഈ വിഡിയോ അവസാനിക്കുന്നത് ആസ്വാസം സമ്മാനിച്ചാണ്. ചൈനയിൽ നടന്ന ഒരു വാഹനാപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.  

പീപ്പിൾസ് ഡെയ്‍ലി എന്ന ചൈനീസ് മാധ്യമം ട്വിറ്ററിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ സ്കൂട്ടർ ഓടിക്കുന്ന സ്ത്രീയെ കാണാം. അത് വളവ് തിരിഞ്ഞ് എത്തുമ്പോൾ തൊട്ടുപിന്നാലെ വന്ന ട്രക്ക് സ്ത്രീ സഞ്ചരിക്കുന്ന വാഹനത്തിൽ ശക്തിയായി ഇടിക്കുന്നു. സ്ത്രീ ട്രക്കിന് മുന്നിലേക്ക് തെറിച്ചു വീഴുന്നുമുണ്ട്.

എന്നാൽ ട്രക്ക് വീണ്ടും മുന്നോട്ട് പായുകയാണ്. ഒരു ടയർ ഇരുചക്രവാഹനത്തിനു മുകളിലൂടെ കയറിയിറങ്ങി അൽപം കൂടി മുന്നോട്ടുപോയതിനുശേഷമാണ് ട്രക്ക് നിൽക്കുന്നത്. അൽഭുതമെന്ന് പറയാം, ട്രക്കിനു പിന്നിൽനിന്ന് ഒരു ചെറിയ പരുക്കു പോലും സംഭവിക്കാതെ എഴുന്നേറ്റു വരുന്ന സ്ത്രീയെയാണ് കാണാന്‍ കഴിയുക. അവർ സുരക്ഷിതയായി അവിടെ നിന്ന് നടന്നു നീങ്ങുന്നു. 

ചൈനയുടെ തെക്കൻ പ്രദേശമായ മോമിങ്ങിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അൽഭുതമെന്നും അമ്പരപ്പെന്നുമാണ് വിഡിയോ കണ്ടവരുടെ പ്രതികരണം.