മിസൈലുകളില്ല, ബോംബുകളില്ല.. പകരം ഫ്ലോട്ടുകളും പൂക്കളും, കിമ്മാകെ മാറി

ആണവായുധങ്ങള്‍  ഉപേക്ഷിക്കുന്നുവെന്നും സമാധാനത്തിന്റെ പാതയിലാണെന്നും വ്യക്തമാക്കി ഉത്തരകൊറിയയില്‍ സൈനിക പരേഡ്. രാജ്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പരേഡില്‍ നിന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായി ആണവ മിസൈല്‍ ലോഞ്ചറുകള്‍ പൂർണമായും ഒഴിവാക്കി. ചടങ്ങില്‍ വിശിഷ്ടാഥിതിയായി ചൈനീസ് പ്രസിഡന്റിന്റെ ഉപദേശകനും പങ്കെടുത്തു.

ഉത്തരകൊറിയ പഴയ ഉത്തരകൊറിയ അല്ല. ആണവായുധങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ലോകത്തെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. അതിന് തെളിവാണ് പ്യോങ്യാങ്ങില്‍ ഇന്ന് അരങ്ങേറിയ ഈ സൈനിക പരേഡ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പരേഡുകളില്‍ ആണവ മിസൈല്‍ ലോഞ്ചറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളെ പ്രകോപിതരാക്കി. ഇത്തവണ പക്ഷെ അതെല്ലാം ഒഴിവാക്കി.

സിംഗപ്പൂരില്‍ നടന്ന കിം ജോങ് ഉന്‍– ഡോണള്‍ഡ് ട്രംപ് കൂടുകാഴ്ചയെ തുടര്‍ന്ന് ആണവായുധം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ ഉറപ്പ് നല്‍കിയിരുന്നു.

പരേഡിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് കിം സംസാരിച്ചു. 

ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങിന്റെ മുഖ്യ ഉപദേശകന്‍ ലി ഷാന്‍ഷുവായിരുന്നു കിമ്മിന്റെ വിശിഷ്ടാതിഥി. പരേഡ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.