ചൈന ഇനി വിറയ്ക്കും; എന്താണ് കോംകാസ..? അറിയേണ്ടതെല്ലാം

അമേരിക്കയുമായി സമ്പൂര്‍ണ സൈനികസഹകരണത്തിനുള്ള കോംകാസ കരാറില്‍ ഇന്ത്യ ഒപ്പുവച്ച ഈ പകലിലാണ് ആ വാക്ക് മിക്കവരുടെയും ശ്രദ്ധയിലെത്തുന്നത്. എന്താണ് ഈ ‘കോംകോസ’ കരാര്‍..? ഒറ്റനോട്ടത്തിലറിയാം.  

∙ ആണവകരാറിന് ശേഷം അമേരിക്കയുമായുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടി. സമ്പൂര്‍ണ സൈനികസഹകരണത്തിനുള്ള അടിസ്ഥാന കരാറില്‍ ഒന്ന്.  

∙ ലോജിസ്റ്റിക്സ് കൈമാറ്റത്തിനുള്ള കാര്‍ 2016 ല്‍ ഒപ്പിട്ടു (Logistics Exchange Memorandum of Agreement )

∙ പ്രാഥമിക ഭൗമ ബഹിരാകാശ വിവര കൈമാറ്റ കരാ‍റില്‍ (Basic Exchange and Cooperation Agreement for Geo Spatial Cooperation) ഇതുവരെ ചര്‍ച്ച തുടങ്ങിയിട്ടില്ല 

നേട്ടം 

∙ അമേരിക്കന്‍ നിര്‍മിത സൈനിക ഉപകരണങ്ങളിലെ രഹസ്യസാങ്കേതികവിദ്യ കൈമാറും

∙ സൈന്യത്തെ വിന്യസിക്കാനും ആയുധങ്ങള്‍ കൊണ്ടുപോകാനും വരെ ഉപയോഗിക്കുന്ന സി 17, സി 130 എന്ന വമ്പന്‍ വിമാനങ്ങളുടെ ആശയവിനിമയ സംവിധാനം കൈമാറും

∙ നാവികസേനയുടെ അമേരിക്കന്‍ നിര്‍മിത ആധുനിക നിരീക്ഷണ വിമാനം പി8ഐയ്ക്കും നേട്ടം

∙ അന്തര്‍വാഹിനികളെ വരെ നിരീക്ഷിക്കാവുന്ന പി8ഐയുടെ ആശയവിനിമയ സംവിധാനവും കൈമാറും, 

∙ ബോയിങിന്‍റെ അപാചെ, ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ആശയവിനിമയ സംവിധാനങ്ങളും ലഭിക്കും

∙ അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന സൈനികവിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കും

∙ ചൈനയുടെ യുദ്ധക്കപ്പലുകളുടെയും  അന്തര്‍വാഹിനികളുടെയും നീക്കങ്ങളെക്കുറിച്ച്  കുറിച്ച് അമേരിക്കന്‍ നാവികസേനയ്ക്ക് ലഭിക്കുന്ന വിവരങ്ങളും കൈമാറും

∙ രഹസ്യആശയവിനിമയ സുരക്ഷാസംവിധാനം കൈമാറ്റം ചെയ്യുന്നതിന് മാര്‍ഗരേഖയുണ്ടാകും

∙ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്തോ അമേരിക്ക നാവികസഹകരണം 

∙ കരാര്‍,  പാക്കിസ്ഥാനുള്ള മുപ്പത് കോടി ഡോളര്‍ സൈനിക സഹായം നിര്‍ത്തിയതിന് പിന്നാലെ

വിമര്‍ശനം

∙ ഇറാനില്‍ നിന്നുള്ള ഇന്ധനഇറക്കുമതിക്ക് വന്‍തിരിച്ചടി. പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നേക്കാം

∙ റഷ്യയില്‍ നിന്ന് വാങ്ങാനിരുന്ന വിമാനവേധ എസ് 400 വാങ്ങുന്നതിന് തടസമായേക്കും

∙ യുദ്ധാനന്തര അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരത്തിന് നാഴികക്കല്ലായ ഇറാനിലെ ഛബാര്‍ തുറമുഖനിര്‍മാണവും അനിശ്ചിതത്തിലായേക്കും

അമേരിക്കയുടെ ലക്ഷ്യം 

∙ ഇന്തോ പസഫിക് മേഖലയിലെ നിരീക്ഷണത്തിന് സഖ്യരാജ്യത്തെപ്പോലെ ഒരു കൂട്ടാളി

∙ തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ സ്വാധീനം

∙ ഇന്ത്യയ്ക്ക് ആയുധവില്‍പന

പേരുവന്നവഴി

∙ Communications Compatibility And Security Agreement

വാര്‍ത്ത ഇങ്ങനെ: 

അമേരിക്കയുമായി സമ്പൂര്‍ണ സൈനികസഹകരണത്തിനുള്ള കോംകാസ കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ആണവകരാറിന് ശേഷം അമേരിക്കയുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഉടമ്പടിയിലാണ് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഒപ്പുവച്ചത്. ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷ ചര്‍ച്ചയ്ക്ക് ഒടുവിലാണ് നിര്‍ണായക കരാര്‍. രാജ്യത്തിന് സൈനിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കും റഷ്യയുമായുള്ള സൈനികസഹകരണത്തിനും കരാര്‍ തിരിച്ചടിയായേക്കും. 

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്തിയത്. അമേരിക്കന്‍ നിര്‍മിത സൈനിക ഉപകരണങ്ങളിലെ രഹസ്യസാങ്കേതികവിദ്യ കൈമാറുമെന്നാതാണ് കോംകാസ കരാറിലെ പ്രധാന ധാരണ. നിലവില്‍ ഇന്ത്യ വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ രാജ്യത്തിന്  ലഭ്യമല്ലായിരുന്നു. കരാറോടെ ഇന്ത്യയുടെ പക്കലുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും ഉയര്‍ന്നനിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യക്ക് സ്ഥാപിക്കാനാകും.

2019ല്‍ ഇന്ത്യ–യുഎസ് സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായി. പ്രതിരോധ രംഗത്തെ സംയുക്ത സഹകരണത്തിന് പുറമേ വ്യാപാര–നയതന്ത്ര മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കാനും ധാരണയായി. ഭീകരവാദം ഒന്നിച്ച് ചെറുക്കുമെന്നും സംയുക്തവാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.  കഴിഞ്ഞ വര്‍ഷം നടന്ന ട്രംപ്–മോദി കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലേയും പ്രതിരോധ, വിദേശകാര്യവകുപ്പ് തലവന്‍മാര്‍ തമ്മിലുള്ള ടു പ്ലസ് ടു കൂടിക്കാഴ്ചയ്ക്ക് ധാരണയായത്.