നായകള്‍ക്ക് സര്‍ഫിങ്ങ് മല്‍സരം ഒരുക്കി കാലിഫോര്‍ണിയയിലെ മൃഗസ്നേഹികള്‍

നായകള്‍ക്കായി സൗന്ദര്യമല്‍സരങ്ങള്‍ നടത്തുന്നത് നമ്മുക്കൊക്കെ പരിചിതമാണ്. എന്നാല്‍ നായകള്‍ക്കായി സര്‍ഫിങ്ങ് മല്‍സരം ഒരുക്കിയാണ് കാലിഫോര്‍ണിയയിലെ മൃഗസ്നേഹികള്‍ ശ്രദ്ധനേടുന്നത്. ഇത് മൂന്നാം തവണയാണ് നായകള്‍ക്കായി സര്‍ഫിങ് മല്‍സരം സംഘടിപ്പിക്കുന്നത്. 

ആഞ്ഞടിക്കുന്ന തിരമാലകള്‍ക്ക് മുകളിലൂടെ  ലൈഫ് ജാക്കറ്റ് ‌ അണിഞ്ഞ്  സ്റ്റൈലായി സര്‍ഫിങ്ങ് ബോര്‍ഡില്‍ വിലസുകയാണ് മല്‍സരാര്‍ഥികള്‍. കാലിഫോര്‍ണിയയിലെ ലിന്‍ഡാ മാര്‍ ബീച്ചാണ് മല്‍സരവേദി. ചിലര്‍ യജമാനനൊപ്പം കൂളിങ് ഗ്ലാസുമണിഞ്ഞ് കൂളായി വരുന്നു. 

മറ്റ് ചിലരുടെ യാത്ര സുഹൃത്തുക്കള്‍ക്കൊപ്പമാണ്. ഉൗഴം കഴിഞ്ഞിട്ടും അവസരം കിട്ടാനായുള്ള തത്രപാച്ചിലിലായിരുന്നു ചിലര്‍. നായക്കുട്ടികളുടെ പെര്‍ഫോമന്‍സ് കാണാന്‍ ആയിരക്കണക്കിന്  ആളുകളാണ് ബീച്ചില്‍ തിങ്ങി നിറഞ്ഞത്.