ആരോപണങ്ങൾ തള്ളി ട്രംപും പുടിനും; ചരിത്ര കൂടിക്കാഴ്ച

യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തെ തള്ളി ട്രംപും പുടിനും.  തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം തുടരുന്നത് വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു.  ഒരു തെളിവുമില്ലാതെയാണ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ആരോപണം ഉന്നയിക്കുന്നതെന്ന് പുടിന്‍ വ്യക്തമാക്കി.  ട്രംപുമായി ബന്ധമുണ്ടെന്ന വാദം അസംബന്ധമാണെന്നും പുടിന്‍ പറഞ്ഞു. 

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് ട്രംപ് പുടിന്‍ ചരിത്ര കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഇടപെടല്‍ എന്ന ആരോപണം ഡൊണാള്‍ഡ് ട്രംപും വ്ളാദിമര്‍ പുടിനും തള്ളി. തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണെന്ന് പുടിന്‍ ആവശ്യപ്പെട്ടു. ട്രംപുമായി ബന്ധമുണ്ടെന്ന വാദം അസംബന്ധമാണ്. എന്നാല്‍ ഇതെക്കുറിച്ച് അന്വേഷിക്കുന്ന FBI മേധാവി റോബര്‍ട് മ്യുളറോട് പൂര്‍ണമായും റഷ്യ സഹകരിക്കും. കാണാതായ സെര്‍വറുകള്‍ എവിടെയെന്ന് പറയേണ്ടത് എഫ്ബിഐയാണെന്നും അന്തിമതീരുമാനമുണ്ടാകേണ്ടത് കോടതയിലാണെന്നും പുടിന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം വിഡ്ഢിത്തമെന്ന് പറഞ്ഞ ട്രംപ് ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. മികച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് തന്‍റെ വിജയത്തിന് കാരണമെന്നും ട്രംപ് പറഞ്ഞു. 

സിറിയയില്‍ സഹകരണം സാധ്യമാണെന്ന് പുടിന്‍ പറഞ്ഞു.  സിറിയയില്‍ ഇസ്രയലിന്‍റെ താല്പര്യം സംരക്ഷിക്കാന്‍ റഷ്യയുമായി സഹകരിക്കുമെന്ന് ട്രംപ് പറഞ്ഞു. സിറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപടെല്‍ അനിവാര്യമാണ്. ഇറാന്‍ ആണവകരാറില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ വിയോജിപ്പ്  അറിയിച്ചെങ്കിലും ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ റഷ്യയോട് ആവശ്യപ്പെട്ടെന്ന് ട്രംപ് വ്യക്തമാക്കി. കൊറിയന്‍ ആണവപ്രശ്നത്തിലും തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും കൈകോര്‍ക്കുമെന്നും ഇരുനേതാക്കളും അറിയിച്ചു.