കാലിൽ ഷോക്കടിക്കുന്നതു പോലെ; കാരണം തേടി ആശുപത്രിയിലെത്തിയ യുവതി ഞെട്ടി

ഇടയ്ക്കിടെ കാലിൽ ഷോക്ക് അനുഭവപ്പെടുന്നതുപോലെയും തളർച്ചയും തോന്നിയപ്പോഴാണ് ഫ്രാൻസിലെ പാരീസ് സ്വദേശിയായ യുവതി ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. കുറച്ചു മാസങ്ങൾക്ക് മുന്‍പ് കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരിക്കും അസ്വസ്ഥതകളെന്നാണ് ഇവർ കരുതിയത്. ആശുപത്രിയിലെത്തിയ യുവതിയോട് എംആർഐ സ്കാൻ എടുക്കാൻ ഡോക്ടർ നിർദേശിച്ചു. സ്കാനിങിന്റെ ഫലം വന്നപ്പോൾ യുവതി ശരിക്കും ഞെട്ടി. നട്ടെല്ലിനകത്ത് ജീവനുള്ള വിരയാണ് ഡോക്ടർമാർ കണ്ടെത്തിയത്.

സാധാരണയായി നായ്ക്കളിലും ചെമ്മരി ആടുകളിലും കാണപ്പെടുന്ന വിരയാണ് യുവതിയുടെ നട്ടെല്ലിൽ കയറിപ്പറ്റിയിരിക്കുന്നത്. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഇത് അപൂർവമായി മനുഷ്യരിലെത്തുന്നു. മൃഗങ്ങളോട് അടുത്തിടപഴകിയാലും ഇത് സംഭവിക്കാം. എന്തായാലും ശസ്ത്രക്രിയയിലൂടെ സൂക്ഷ്മമായി ഡോക്ടർമാർ വിരയെ നീക്കം ചെയ്തു.  

കൃത്യസമയത്ത് ഇത് കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമായിരുന്നു. നട്ടെല്ലിനകത്ത് കയറിപ്പറ്റുന്ന വിര നാഡീവ്യവസ്ഥയെ ബാധിക്കും. പിന്നീട് എല്ലുകളെയോ വൃക്കകളെയോ കണ്ണുകളെയോ ഒക്കെ ബാധിക്കാം. മരണം വരെ സംഭവിക്കുമായിരുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ചികില്‍സിച്ച ഡോക്ടർമാർ വ്യക്തമാക്കുന്നത്.