ജലത്താല്‍ മുറിവേൽക്കാതെ ആ നീന്തൽ; ‘അവിശ്വസനീയം’ ഈ രക്ഷാശ്രമം


ജലയുദ്ധം ഗ്രെഗ് പിക്സ്ലേക്ക് െചറിയ കാര്യമല്ല. ജലത്തോട് മല്ലിട്ട് നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. എന്നാല്‍ തായ്‌ലാൻഡിൽ നടന്നതും നടക്കുന്നതും ഗ്രെഗിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അവിശ്വസനീയം എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിക്കുന്നതും. അവരാണ് ഹീറോകൾ എന്നും സാധാരണയായി ആരും ഈ സാഹസം ഏറ്റെടുക്കാൻ തയ്യാറാകില്ലെന്നും ദീർഘകാലമായി ഈ രംഗത്തു പ്രവർത്തിക്കുന്ന നീന്തൽ വിദഗ്ധനായ ഗ്രെഗ് പറയുന്നു. 

കലങ്ങിയ ഒഴുക്ക് നിലക്കാത്ത വെള്ളം, ഇടുങ്ങിയ വഴികൾ, ഇരുട്ട്- ജീവിതത്തേക്കാൾ സാധ്യത മരണത്തിനാണെന്നാണ് ഒരു സാധാരണക്കാരൻ ചിന്തിക്കുക. 

''അകത്തേക്കു കടക്കാൻ ഒരു വഴിയേ ഉള്ളൂ, പുറത്തിറങ്ങാനും. ചോക്ലേറ്റ് സൂപ്പ് പോലിരിക്കുന്ന വെള്ളത്തിലൂടെയാണ് നീന്തേണ്ടത്. നീന്തലിന്‍റെ വേഗത കൂടിയാൽ പാറയില്‍ തലയോ കയ്യോ ഇടിക്കും. ഇങ്ങനെ ഒരുപാട് അപകടങ്ങളുണ്ട്'', ഗ്രെഗ് പറയുന്നു.

ഇടുങ്ങിയ, ദുർഘടമായ വഴികളാണ് ഗുഹയിൽ പലയിടത്തും. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെളെ പുറത്തെത്തിക്കാൻ. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 
പദ്ധതിയെക്കുറിച്ച് കുട്ടികളുടെ കുടുംബങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനശ്രമങ്ങൾക്ക് 
എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.  

ജൂൺ 23നാണ് 12 കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹക്കുള്ളിൽ കുടുങ്ങിയത്. 10-ാം ദിവസമാണ് ഇവരെ കണ്ടെത്തിയത്.