അയാളുടെ ശ്വാസം നിലച്ചു;അവര്‍ ശ്വസിക്കുന്നു എന്ന് ഉറപ്പിച്ച ശേഷം; ഗുഹയിലെ രക്തസാക്ഷി

ലോകം ആശ്വസിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട പ്രാര്‍ഥനകള്‍ക്കും കണ്ണീരിനും ഫലം കണ്ടു തുടങ്ങിയതില്‍. താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളിൽ എട്ടാമനെയും ദൗത്യസേന  രക്ഷപ്പെടുത്തി. ഇനി ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത് നാലു കുട്ടികളും ഫുട്ബോൾ പരിശീലകനും മാത്രമാണ്. ഇവരിൽ ചിലരെ ചേംബർ–3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. നാളെ തന്നെ എല്ലാവരെയും ഗുഹയ്ക്ക് പുറത്തെത്തിക്കുെമന്നാണ് രക്ഷാസേനയുടെ വിലയിരുത്തല്‍. രക്ഷാ ദൗത്യം വിജയിച്ച് മുന്നേറുമ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നത് ആ രക്തസാക്ഷിയെയാണ്. ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ സമാന്‍ കുനാന്‍ എന്ന വിമുക്ത നേവി ഉദ്യോഗസ്ഥനെയാണ്. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവവായു കിട്ടാതെ അദ്ദേഹം മരണപ്പെടുന്നത്. കുട്ടികള്‍ക്ക് ഒാക്സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം ആ ധീരനെ തേടിയെത്തിയത്. സുരക്ഷിതസ്ഥലം എന്ന് വിശേഷിപ്പിക്കുന്ന ചേമ്പര്‍–3യിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ഒാക്സിജന്‍ കുറവ് മൂലം അദ്ദേഹത്തിന് പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. ഗുഹാമുഖത്തിന് 1.5 കിലോമീറ്റര്‍ മാത്രം ഉള്ളില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഡ്രൈവിങ് ബഡി ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കുട്ടികള്‍ക്ക് പ്രാണവായു നല്‍കി മടങ്ങുമ്പോള്‍ അതെ പ്രാണവായുവിന്റെ കുറവുമൂലം രക്തസാക്ഷിത്വം വരിച്ച ജവാന് ലോകം ആദരമര്‍പ്പിക്കുകയാണ് ഇൗ സന്തോഷവേളയില്‍. 

രക്ഷാപ്രവർത്തനം വിലയിരുത്താൻ തായ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച വൈകിട്ടോടെ ചിയാങ് റായിയിൽ എത്തി. രക്ഷപ്പെടുത്തിയ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി ഇവിടെയാണ്. താം ലുവാങ് ഗുഹാപരിസരം പ്രധാനമന്ത്രി സന്ദർശിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ അവസാനനിമിഷം ഒഴിവാക്കി. ഇന്ന് താം ലുവാങ് ഗുഹാമുഖത്ത് കനത്ത മഴ പെയ്തിട്ടും രക്ഷാപ്രവർത്തനത്തെ യാതൊരു തരത്തിലും ബാധിച്ചില്ലെന്നു ഗവര്‍ണർ നാരോങ്സാക്ക് ഒസാട്ടനകൊൺ വ്യക്തമാക്കി. ‍‍‍‍‍‍‍‍‍‍‍‍‍‍‍ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തിട്ടും അത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ല. മഴവെള്ളം ഗുഹയ്ക്കു പുറത്തേക്കു പമ്പു ചെയ്തു കളഞ്ഞു. ഗുഹയ്ക്കകത്തു നിലവിൽ വെള്ളക്കെട്ടില്ല. രക്ഷാപ്രവർത്തനത്തെ മഴ ബാധിക്കാതിരിക്കാൻ കനത്ത മുൻകരുതലുകളെടുക്കുന്നുണ്ടെന്നും നാരോങ്സാക്ക് അറിയിച്ചു. അതേസമയം കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ശക്തമാകാത്തതും രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്.