തായ് ഗുഹയ്ക്കുള്ളിലെ ലോകോത്തര രക്ഷാപ്രവര്‍ത്തനം

കഴിഞ്ഞ ഒരാഴ്ചയിലധികമായി ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്  ഉത്തര തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹ. സാഹസികവിനോദത്തിന്റെ ഭാഗമായി പത്ത് കിലോമീറ്ററിലധികം നീളമുള്ള ഗുഹയ്ക്കുള്ളില്‍ കയറിയ 12 കൗമാര കായിക താരങ്ങളെയും അവരുടെ കോച്ചിനെയും ഗുഹവിഴുങ്ങി.  ആധുനിക ലോകം കണ്ട ഏറ്റവും ഉൗര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് പിന്നീടുണ്ടായത് . കഠിനപ്രയത്നത്തിലൂടെ ഗുഹയ്ക്കുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആശ്വാസകരമായ ആ ദൃശ്യം ലോകത്തിന് കാട്ടിത്തന്നു. കുട്ടികളും കോച്ചും ജീവിനോടെ  പാറയിടുക്കില്‍. പക്ഷെ സന്തോഷം പൂര്‍ത്തിയാവണമെങ്കില്‍ എല്ലാവരെയും ഗുഹയ്ക്ക് പുറത്തെത്തിക്കണം. അത് ഒരു ഹിമാലയന്‍ പരിശ്രമമാണ്.

സഞ്ചാരികളുടെ പറുദീസയാണ് തായ്‌ലാന്‍ഡ്. കടലും കരയും ഒരുപോലെ ഇഴചേര്‍ന്നുകിടക്കുന്ന   ഭൂപ്രദേശം.  ഭൂപ്രകൃതി അനുസരിച്ച്  ഉത്തരപര്‍വതം, ദക്ഷിണ ഉപദ്വീപ്, ഖൊറാത്ത് പീഠഭൂമി, മധ്യസമതലം, എന്നിങ്ങനെ നാലായി തിരിക്കാം  തായ്‌ലാന്‍ഡിനെ . ഹിമാലയത്തിന്റെ തുടര്‍ച്ചയാണ് ഉത്തരപര്‍വതം. ഉത്തരപര്‍വത മേഖലയുടെ മലമടക്കുകളില്‍ സ്ഥിതിടെയ്യുന്ന പ്രാചീന ഗുഹകള്‍ സാഹസിക സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. വിശ്വാസങ്ങളുടെ ഭാഗമായും സാഹസിക വിനോദത്തിനുമായി നിരവധിയാളുകളാണ് ദിവസവും ഈ ഗുഹകള്‍ സന്ദര്‍ശിക്കുന്നത്.  വളരെ ചെറിയ ഗുഹകളും  ഉള്ളിലോട്ട് കയറുന്തോറും നീളം കൂടിവരുന്ന ഗുഹകളും ഇവിടെയുണ്ട്. ഇതില്‍ ഒന്നാണ്  ചിയാങ് റായ് പ്രവശ്യയിലുള്ള താം ലുവാങ് ഗുഹ. 10 കിലോമീറ്റര്‍ ദൂരം ചെങ്കുത്തായ ഇറക്കങ്ങളും അപകടം നിറഞ്ഞ പാറകളും. അകത്തേക്ക് കയറിചെല്ലുന്തോറും കൂട്ടിനുള്ളത് ഇരുട്ടും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും മാത്രം.  മലയിടുക്കിലെ ഏറ്റവും ദുഷ്കരമായ ഈ ഗുഹയെ 'ചെകുത്താന്റെ വായ' എന്നും വിശേഷിപ്പിക്കുന്നു. 

ജൂണ്‍  23 ശനിയാഴ്ച പതിവ് ഫുട്ബോള്‍ പരിശീലനത്തിനുശേഷം കോച്ച്  എകപോല്‍ ചാന്റ്‌വോങ് ശിഷ്യന്മ‍ാരായ കുട്ടികളോട്പറഞ്ഞു , നമുക്ക് ഒരു സാഹസികയാത്ര പോകാം താം ലുവാങിലേക്ക്. 12–16വയസുവരെ പ്രായമുള്ള കുട്ടികളുമായി സൈക്കിളില്‍ താം ലുവാങിലേക്ക് . ഗുഹാമുഖത്തെത്തിയവര്‍ സൈക്കിളും ഷൂസുമൊക്കെ പുറത്തുവച്ച് ഗുഹയ്ക്കുള്ളിലേക്ക് കയറി. അപകടം മണക്കാതെ അഞ്ച് കിലോമീറ്ററിലേറെ സഞ്ചരിച്ചു. ചുറ്റും ഇരുട്ട് മാത്രം. പക്ഷെ  അപ്രതീക്ഷിതമായിപെയ്ത       കനത്ത മഴ സംഘത്തിന് തിരിച്ചടിയായി. നിമിഷങ്ങള്‍കൊണ്ട് ഗുഹയില്‍ വെള്ളം നിറഞ്ഞു. ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടി.രാത്രിയായിട്ടും കുട്ടികള്‍  തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ ആശങ്കയിലായി. നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഗുഹയ്ക്കുവെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സൈക്കിളും ബാഗുകളും  കണ്ടതോടെ  കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയെന്ന് വ്യക്തമായി.  പ്രാദേശിക  രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തി.  കണ്ണീരും പ്രാര്‍ഥനയുമായി ഗുഹയ്ക്ക് പുറത്ത് കുട്ടികളുടെ മാതാപിതാക്കളും. തായ്‍‌ലന്‍ഡ് നേവിയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.   മൂന്നുദിവസം പിന്നിട്ടിട്ടും കുട്ടികളെകുറിച്ച് ഒരു സൂചനയും   ലഭിച്ചില്ല.   

പിറ്റേന്നും പ്രദേശത്താകെ കനത്തമഴയായരിന്നു. ബാങ്കോക്കില്‍ നിന്ന് സൈനികവിമാനത്തില്‍ വെള്ളത്തിനടയില്‍ തിരച്ചില്‍ നടത്താന്‍ ഉപകരിക്കുന്ന ഡ്രോണുകളും റോബോര്‍ട്ടുകളും താം ലുവാങിലേക്ക്. അപ്പോഴേക്കും കനത്തമഴയില്‍ ഗുഹയില്‍  വീണ്ടും വെള്ളം കയറിതുടങ്ങി. കൂറ്റന്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒപ്പം ഗുഹയില്‍ അടിഞ്ഞ ചെളിയും നീക്കം ചെയ്യാനും അഞ്ച് ദിവസത്തിനുള്ളില്‍ താ ലുവാങ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി. രാജ്യാന്തരമാധ്യമങ്ങളെല്ലാം അപകടസ്ഥലത്തേക്ക്.പലശ്രമങ്ങളും ഫലിക്കാതെവന്നപ്പോള്‍ ഗുഹയുടെ മുകള്‍വശം ഡ്രില്ലര്‍ ഉപയോഗിച്ച് തുരന്ന് അകത്തുകയറാനുള്ള പണി ആരംഭിച്ചു. പക്ഷെ ഇത് ശ്രമകരമായിരുന്നു. എവിടെ തുരക്കണം എന്നോ എത്ര ആഴത്തില്‍ തുരക്കണമെന്നോ ആര്‍ക്കും പിടിയുമില്ല. താം ലുവാങ്ങിനെ ദുഖം രാജ്യമാകെ ഏറ്റുവാങ്ങി. തായ്ലന്‍ഡിലെങ്ങും  കുട്ടികള്‍ക്കായുള്ള പ്രാര്‍ഥനകള്‍  തുടര്‍ന്നു.ജൂണ്‍ 27ന് യു.എസില്‍ നിന്നും ബ്രിട്ടനില്‍ നിന്നും മുങ്ങല്‍ വിദഗ്ധരടക്കമുള്ള സംഘം തായ്‌ല്‍ഡിലെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.. അത്യാധുനിക തിരച്ചില്‍ ഉപകരണങ്ങളുമായായിരുന്നു ഇവരുടെ വരവ്. ഗുഹയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൃത്യമായി മനസിലാക്കിയുള്ള നീക്കം.

മഴവീണ്ടും കനത്തതോടെ ഇടയ്ക്ക് തിരച്ചില്‍ നിര്‍ത്തിവച്ചു.    ഡ്രില്ലിങ് തുടര്‍ന്നാല്‍ ഗുഹ ഇടിഞ്ഞ് ചെളിമണ്ണ് ഗുഹയ്ക്കുള്ളില്‍ നിറയും എന്നഭയമായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക്. അപ്പോഴും ഗുഹയിലെ വെള്ളം വറ്റിക്കാനുള്ള നടപടികള്‍ തുടര്‍ന്നു.ജൂണ്‍ 29, കുട്ടികളെ കാണാതായിട്ട് ആറ് ദിവസം. സൂചനകള്‍ ഒന്നുമില്ല.  അത്യാധിനിക റോബോര്‍ട്ടുകളുമായി ചൈനയും തിരച്ചിലിന് ഒപ്പം ചേര്‍ന്നു. അന്ന് വൈകീട്ടോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടികള്‍ അകപ്പെട്ടു എന്ന് കരുതുന്ന പ്രധാന ഗുഹയിലെത്താനുള്ള സാധ്യത തെളിഞ്ഞു. ഒന്നാം തിയതിയോടെ മഴയ്ക്ക് ശമനമായി. പ്രധാനഗുഹയിലേക്ക് കടക്കാനുള്ള ശ്രമം വിജയിക്കാന്‍ തുടങ്ങി.  ഓക്സിജനും, മരുന്നും ഭക്ഷണവുമായി രക്ഷാപ്രവര്‍തകര്‍ മുന്നോട്ട് .   രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍  തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച നേരിട്ടെത്തി .

ജുലൈ രണ്ട് . ലോകം ആ സന്തോഷവാര്‍ത്ത കേട്ടു.   ഗുഹക്കുള്ളില്‍  വെള്ളം കയറാത്ത പാറയ്ക്കു മുകളില്‍ കുട്ടികള്‍ സുരക്ഷതിരായി ഇരിക്കുന്നു. പൂഞ്ചിരിച്ചുകൊണ്ട് അവര്‍ രക്ഷാപ്രവര്‍ത്തകരോട്  സംസാരിച്ചു.

പക്ഷെ  ഇതുകൊണ്ട് തായ്്ലന്‍ഡിന്‍റെ ആശങ്ക അവസാനിക്കുന്നില്ല. ഏരെ ദുഷ്കകരമായ രക്ഷാദൗത്യമാണ് ഇനി കാത്തിരിക്കുന്നത്. 

രണ്ട് മാര്‍ഗങ്ങളാണുള്ളത് ഒന്ന് കുട്ടികളെ ഡൈവിങ് പരിശീലിപ്പിച്ച് വെള്ളത്തിനുള്ളിലൂടെ പുറത്തെത്തിക്കാം. രണ്ട് ഗുഹയിലെ വെള്ളവും ചെളിയും മുഴുവന്‍ മാറ്റി പുറത്തെത്തിക്കാം. ഇരുട്ട് നിറഞ്ഞ വെള്ളത്തിലൂടെ ഡൈവിങ് പരിശീലിച്ച് പുറത്തുകടക്കുക എന്നത് ഹിമാലയന്‍ പരിശ്രമമാണ്. അതുകൊണ്ട് രണ്ടാമത്തെ മാര്‍ഗമാണ് പരീക്ഷിക്കുന്നത്. കൂടുതല്‍ വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുകയാണ്. ഇടയ്ക്ക പെയ്യുന്ന മഴ തടസമാവുന്നുണ്ട്. മഴക്കാലത്ത് സാധാരണ നിറയാറുള്ള ഗുഹയില്‍ സ്വാഭാവിക രീതിയില്‍ വെള്ളം വറ്റിപോകണമെങ്കില്‍ സെപ്റ്റംബര്‍ ഒക്ടോബ്‍ മാസം വരെ കാത്തിരിക്കണം.കുട്ടികള്‍ക്ക് ഭക്ഷണവും മരുന്നും കൃത്യമായി എത്തിച്ചിട്ടുണ്ട്. ഇനിവേണ്ടത് മാനസിക പിന്തുണയാണ്. ഗുഹക്കുള്ളിലേക്ക് പ്രത്യേക ടെലഫോണ്‍ കേബിളുകള്‍ എത്തിച്ചു കഴിഞ്ഞു. കുട്ടികളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.  ഭക്ഷണവും വെള്ളവുമായി എത്തുന്ന  രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളോട് കുശലം ചോദിച്ചും തമാശ പറഞ്ഞും മാനസികമായി തളരാതെ നോക്കുകയാണ്. 

സമയമെത്രയെടുത്താലുംദുരന്തമുഖത്തുനിന്ന് കൊച്ചുമിടുക്കന്‍മാരെയും കോച്ചിനെയും തിരികെയെത്തിക്കാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്  തായ്‌ലാന്‍ഡ്.