ഇസ്ലാമിക് സ്റ്റേറ്റ് സിറിയ വിടുന്നു? സ്ഥിതിഗതികള്‍ ശാന്തമായെന്ന് ജനങ്ങള്‍

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. ഭീകരരെ തുരത്താന്‍ പ്രസിഡന്‍റ് ബശാര്‍ അല്‍ അസദിന്‍റെ നേതൃത്വത്തില്‍‌ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ഒരുമാസമായി നടക്കുന്നത്. ആക്രമണത്തിനൊടുവില്‍ പ്രദേശത്ത് 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിറിയന്‍ യുദ്ധം നിരീക്ഷിക്കുന്ന ഒരു സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദമാസ്കസിലെ പാലസ്തീനിയന്‍ അഭയാര്‍ഥിക്യാംപുകളില്‍ നിന്ന് ഐഎസ് ഭീകരരെ ഒഴിപ്പിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു. സ്ഥിതിഗതികള്‍ ശാന്തമായതായി ദമാസ്കസിലെ ജനങ്ങളും പറയുന്നു. 

എന്നാല്‍ ഭീകരരുമായി ധാരണയിലെത്തിയെന്ന വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു.  ഇറാഖ്, തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ പ്രദേശങ്ങള്‍ അസദ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തില്‍ വരില്ല. ഇവിടങ്ങളില്‍ ഐഎസ് സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.