ഐഎസ് ബന്ധമുള്ളവരെ തേടി എൻഐഎ; കോയമ്പത്തൂരിൽ റെയ്ഡ്

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെ തേടി കോയമ്പത്തൂരില്‍ എന്‍ ഐ.എ. റെയ്ഡ്.  മൊബൈല്‍ ഫോണുകള്‍ , ലാപ്ടോപ്പുകള്‍ സിംകാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ദക്ഷിണേന്ത്യ ലക്ഷ്യമിട്ടുള്ള അന്‍സാറുള്ളയെന്ന ഐ.എസ് മൊഡ്യൂളിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടിയായിരുന്നു റെയ്ഡ്.

ഉക്കടം,കുനിയമുത്തൂര്‍ , ബിലാല്‍ നഗര്‍ ,വിന്‍സെന്റ് റോഡ് എന്നിവടങ്ങളിലെ  വീടുകളില്‍ പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. ഐ.എസ് ബന്ധത്തിന്റെ പേരില്‍ ഏറെനാളായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലുള്ള ഉമ്മര്‍ ഫാറൂഖ്, സനബാര്‍ അലി, സമീന മുബിന്‍ , മുഹമ്മദ് യാസിര്‍ , സദ്ദാം ഹുസൈന്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഐ.എസ് മൊഡ്യൂളിന്റെ ബുദ്ധികേന്ദ്രമെന്നു കരുതുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് പുറത്തുവരുന്ന വിവര.ം ജൂണ്‍ 13 നാണ് അസ്്ഹറുദ്ദീന്‍ എന്‍.ഐ.എ പിടിയിലായത്. 

ഈസ്റ്റര്‍ ദിവസം ശ്രീലങ്കയിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന  സഹറാന് ഷാഷ്മിയുമായി ഫെയ്സ്ബുക്ക് വഴി ബന്ധമുണ്ടെന്നു തെളിഞ്ഞതോടെയാണ് അസ്ഹറുദ്ദീനെ അറസ്റ്റുചെയ്തത്. ഇതോടപ്പം ഇയാളുടെ കൂട്ടാളി ഷെയ്ക്ക് ഹിദായത്തുള്ളയെന്നയാളും നേരത്തെ പിടിയിലായിരുന്നു. ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന സംശയത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് കോയമ്പത്തൂരും പരിസരങ്ങളും സുരക്ഷ ഏജന്‍സികള് അരിച്ചുപെറുക്കിയിരുന്നു.