ഹാരി രാജകുമാരന്‍‌ മെഗാന്‍റെ കൈപിടിച്ചു; അമ്മയുടെ കണ്‍നിറഞ്ഞു: രാജകീയം ഈ വിവാഹം

പെൺമക്കൾ വിവാഹിതരായി പോകുമ്പോൾ ഏത് അമ്മയുടെയും കണ്ണുകളൊന്ന് നിറയും. ആനന്ദത്തിന്റെയും ആദിയുടെയും അശ്രുക്കളാകാം അത്. ഏത് അമ്മയ്ക്കും തന്റെ മകളുടെ ഭാവി ജീവിതത്തെ ഓർത്ത് ആകുലതകൾ ഉണ്ടാകും. അതിപ്പോൾ കുടിലിലായാലും കൊട്ടാരത്തിലായാലും അമ്മമാരുടെ മനസ് ഒരുപോലെയാണ്. ബ്രിട്ടന്റെ രാജകുമാരിയായാണ് തന്റെ മകൾ പോകുന്നതെങ്കിലും അറുപത്തിയൊന്നുകാരിയായ ഡോറിയ റെഗ്ലണ്ട് എന്ന അമ്മയുടെ മനസും വിഭിന്നമല്ല. ബ്രിട്ടീഷ് രാജകുമാരൻ ഹാരി മകൾ മെഗാൻ മർക്കിളിന്റെ കൈപിടിച്ചപ്പോൾ ഡോറിയ ഒന്നു വിതുമ്പി. ഏതൊരു അമ്മയെയും പോലെ. 

ഇന്ത്യൻ സമയം വൈകിട്ട് 4.30 ഓടെ ലണ്ടനിലെ സെന്റ് ജോർജ് ചാപ്പലിലായിരുന്നു വിവാഹ ചടങ്ങ്. പരമ്പരാഗതമായ വെളുത്ത ഗൗൺ ധരിച്ചാണ് മെഗാൻ മർക്കിൾ അമ്മ ഡോറിയക്കൊപ്പം വിവാഹ വേദിയിലേക്ക് എത്തിയത്. മെഗാന്റെ പിതാവ് മെർക്കിൾ വിവാഹ ചടങ്ങിന് എത്തിയില്ല. ഹാരിയോടൊപ്പം മെഗാന് സ്വതന്ത്രമായ ആത്മവുള്ള ഒരു ജീവിതമായിരിക്കുമെന്ന് ഡോറിയ പറഞ്ഞു. 

പതിനഞ്ചാം നൂറ്റാണ്ടിൽപണിത വിൻഡ്സർ കൊട്ടാരവളപ്പിലെ സെന്റ് ജോർജ് പള്ളിയിലാണ് വിവാഹം. വാരാന്ത്യങ്ങൾ തെരഞ്ഞെടുക്കാത്ത രാജകീയവിവാഹങ്ങളുടെ പതിവ് തെറ്റിച്ചാണ് ഹാരിയും മേഗനും ശനിയാഴ്ച തെരഞ്ഞടുത്തത്. ലോർഡ് ചേംബർലെയ്ന്റിന്റെ ഓഫീസിനാണ് ഉത്തരവാദിത്തമെങ്കിലും ഇത്തവണ എല്ലാം തീരുമാനിച്ചത് ഹാരിയും മേഗനുമാണ്. 600 പേരാണ് ക്ഷണിക്കപ്പെട്ട അതിഥികൾ. വിരുന്നിന് വളറെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി 200 പേരും മാത്രമാണ് എത്തുന്നത്. വിവാഹശേഷം ഇരുവരും ചേർന്ന് ബ്രിട്ടന്റെ രാജകീയ പ്രൗഢി വിളിച്ചോതുന്ന നഗര പ്രദക്ഷിണവും നടത്തി.