പ്രതിഷേധം അതിരുകടന്നു; ത്രിവർണ പതാക കീറിയെറിഞ്ഞു; നടപടി ആവശ്യപ്പെട്ട് ഇന്ത്യ

പ്രതിഷേധങ്ങൾക്കും ചോദ്യങ്ങൾക്കും നടുവിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കഠ്‌വ, ഉന്നാവ മാനഭംഗക്കേസുകളും രാജ്യത്ത് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കും എതിരെയാണ് പ്രതിഷേധങ്ങൾ. സമാധാനപരമായ പ്രതിഷേധങ്ങൾ യു.കെ സന്ദർശനവേളയിലും പ്രധാനമന്ത്രിക്ക് നേരിടേണ്ടി വന്നു. എന്നാൽ ഇന്ത്യൻ പതാക കീറിയെറിയുന്ന തരത്തിലേക്ക് പ്രതിഷേധം അതിരുകടന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്. ബുധനാഴ്ച ലണ്ടൻ പാർലമെന്റ് ചത്വരത്തിലാണ് രാജ്യപതാകയെ അപമാനിക്കുന്ന തരത്തിലേക്ക് പ്രശ്നങ്ങൾ കടന്നത്. മോദിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരാണ് ഇന്ത്യൻ പതാക കീറിയത്. 

വെസ്റ്റ്മിന്‍സ്റ്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുസംസാരിക്കവെയായിരുന്നു സംഭവം. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്ന് യു.കെയോട് ഇന്ത്യ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഡൗണിങ് സ്ട്രീറ്റിലും നൂറുകണക്കിന് പ്രതിഷേധക്കാരാണ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയത്.  മോദി ഗോബാക്ക് എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധം അതിരുവിട്ടതോടെ മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉയർത്തിയ ത്രിവർണ പതാക പ്രതിഷേധക്കാർ കീറുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധങ്ങളുയർന്നു.

ഇന്ത്യൻ പതാക കീറിയ സംഭവം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കാര്യം  വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിനെ അറിയിച്ചു. പതാക കീറിയ സംഭവം യു.കെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. പതാക ഉടൻ തന്നെ പുനഃസ്ഥാപിച്ചെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍  പറഞ്ഞു.  സമാധാനപരമായ പ്രതിഷേധം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും പാര്‍ലമെന്റ് ചത്വരത്തില്‍ ചിലര്‍ നടത്തിയ പ്രവൃത്തികളില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.