പതിനാറാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; ഇനി വയ്യെന്ന് പെണ്‍കുട്ടി; ഫിലിപ്പീന്‍സ് പറയുന്നത്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ഗര്‍ഭധാരണം നടക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. മതാചാരങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്ത് ഗർഭച്ഛിദ്രം നിയമവിരുദ്ധമാണ്. അതിനൊപ്പം, വേണ്ടത്ര വിദ്യാഭ്യാസത്തിന്റെ അഭാവവും കുടുംബാസൂത്രണരീതികളെക്കുറിച്ചുള്ള അവബോധമില്ലായ്മയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ഗര്‍ഭധാരണനിരക്ക് കൂടാൻ കാരണമാകുന്നതായാണ് റിപ്പോർട്ട്.പതിനഞ്ചും പതിനാറും വയസ്സിനുള്ളില്‍ തന്നെ പെണ്‍കുട്ടികള്‍ ഇവിടെ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുകയാണ്. 

ഫിലിപ്പീന്‍സിലെ നാഷനല്‍ ഡെമോഗ്രാഫിക് സര്‍വേ പ്രകാരം, 15-19 വയസ്സിനിടയില്‍ മിക്ക ഫിലിപ്പീനോ പെണ്‍കുട്ടികളും ഗര്‍ഭിണികളാകുന്നുണ്ട്. 2013 ല്‍ ഇത് പത്തുശതമാനം ആയിരുന്നെങ്കില്‍ 2017 ല്‍ ഇതു ഒൻപതു ശതമാനമായി കുറഞ്ഞു എന്നു മാത്രം. ഫിലിപ്പീന്‍സില്‍ കുടുംബാസൂത്രണരീതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും ജനങ്ങള്‍ക്കിടയില്‍ ഇതിനെക്കുറിച്ചു കൂടുതല്‍ അവബോധമുണ്ടാക്കാനും എന്‍ജിഒകളും മറ്റും ശ്രമിക്കുന്നുണ്ട്.. ചെറിയ പ്രായത്തില്‍ തന്നെ വീണ്ടും ഗര്‍ഭിണികളാകുന്നതില്‍നിന്നു കൗമാരക്കാരായ അമ്മമാരെ രക്ഷിക്കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. 

‘എനിക്ക് രണ്ടു കുട്ടികള്‍ ഇപ്പോഴുണ്ട്, ഭര്‍ത്താവ് മാര്‍ക്കറ്റില്‍ ജോലിക്കാരനാണ്. അടുത്ത അഞ്ചു വര്‍ഷമെങ്കിലും എനിക്ക് ഗര്‍ഭിണിയാകാന്‍ താൽപര്യമില്ല...’ ഫിലിപ്പീന്‍സിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിൽ ഒന്നായ ടോണ്‍ഡോയിലെ പതിനാറുകാരിയായ അമ്മ ഹസേല്‍ പറയുന്നു. എന്‍ജിഒകളുടെ സഹായത്തോടെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ് ഈ കൗമാരക്കാരി. ഇതുപോലെ അനേകായിരം പെണ്‍കുട്ടികള്‍ക്കാണ് സഹായം വേണ്ടത്. പത്തു കുട്ടികള്‍ വരെയുള്ള സ്ത്രീകള്‍ ഫിലിപ്പീൻസില്‍ സാധാരണമാണ്. പലരും അനധികൃത ഗർഭച്ഛിദ്രത്തിനു വിധയമാകുന്നുമുണ്ട്. ഇതാകട്ടെ ജീവനു തന്നെ പലപ്പോഴും ഭീഷണിയാകുന്നുമുണ്ട്.  

14 വര്‍ഷത്തെ ആവശ്യത്തിനു ശേഷം, 2012 ലാണ് കുടുംബാസൂത്രണമാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജനപ്പെരുപ്പം നിയന്ത്രിക്കാനായിരുന്നു ഇത്. ഒപ്പം ലൈംഗികവിദ്യാഭാസം നല്‍കാനും തുടങ്ങി‌. എന്നാല്‍ അടുത്തിടെയാണ് കൂടുതല്‍ അവബോധം ഈ വിഷയത്തില്‍ ഉണ്ടായത്. പാവപ്പെട്ടവര്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ലഭ്യമാക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്‌ അടുത്തിടെ വാഗ്ദാനം നല്‍കിയിരുന്നു. ഗർഭനിരോധന ഉറകൾക്കു പകരം സ്ത്രീകള്‍ ഗുളികയോ ഗർഭനിരോധനത്തിനുള്ള കുത്തിവയ്പോ സ്വീകരിക്കണമെന്നും അടുത്തിടെ പ്രസിഡന്റ്‌ റോഡ്രിഗോ ഡ്യൂട്ടേർട്ട് ആവശ്യപ്പെട്ടിരുന്നു. 

എന്തായാലും സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. പാവപ്പെട്ടവർക്ക് ഇപ്പോൾ ഗര്‍ഭനിരോധനവസ്തുക്കള്‍ സൗജന്യമായി നല്‍കുന്നുണ്ട്. പഴയ തലമുറയിലെ ഫിലിപ്പീനോ സ്ത്രീകള്‍ പറയുന്നത് ഇപ്പോള്‍ സ്ഥിതി ഏറെ ഭേദപ്പെട്ടു എന്നാണ്.