അടിയന്തരാവസ്ഥ മാലദ്വീപിലെ വിനോദസഞ്ചാര മേഖലയെ ബാധിച്ചു

അടിയന്തരാവസ്ഥ തുടരുന്നത് മാലദ്വീപിലെ വിനോദസഞ്ചാര മേഖലയെ ബാധിച്ചു. ഒന്നര മാസമായ  രാഷ്ട്രീയ അനിശ്ചിതാവസ്ഥ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ  കുറവു വരുത്തിയെന്ന് സർക്കാർ കണക്കുകൾ പറയുന്നു. തലസ്ഥാന നഗരത്തിലെ സഞ്ചാര നിയന്ത്രണം വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നു.

വിനോദ സഞ്ചാരമാണ് മാലദ്വീപ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്.  കടലിൽ ചിതറിക്കിടക്കുന്ന പവിഴപ്പുറ്റുകളും അവയിലെ റിസോർട്ടുകളും സഞ്ചാരികളുടെ പറുദീസയാണ്. ഫെബ്രുവരി 5ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ  എറ്റവുമധികം ബാധിച്ചതും വിനോദ സഞ്ചാരത്തെ തന്നെ. മാർച്ച് വരെ എത്തേണ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. 

അമേരിക്കയും ചൈനയും ശ്രീലങ്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാലദ്വീപ് യാത്ര പ്രോൽസാഹിപ്പിക്കുന്നില്ല. അപകടം തിരിച്ചറിഞ്ഞ മാലദ്വീപ് സർക്കാർ അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്. മാർച്ച് 22 ന് തീരുന്ന അടിയന്താവസ്ഥയുടെ കാലാവധി ദീർഘിപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. പക്ഷേ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന രാജ്യത്ത് പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാതെ, സ്ഥിരതയുള്ള ഭരണം അസാധ്യമാണ്.