ചാരനെതിരെ വിഷ പ്രയോഗം; നടപടി കടുപ്പിച്ച് ബ്രിട്ടന്‍, 23 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

ബ്രിട്ടന്‍ അഭയം നല്‍കിയ റഷ്യന്‍ മുന്‍ ഇരട്ടചാരന് വിഷബാധയേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി. റഷ്യയുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും ബ്രിട്ടന്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. ഒരാഴ്ച്ചക്കുള്ളില്‍ രാജ്യം വിടണമെന്നും നയതന്ത്ര ഉദ്യോഗസ്ഥരോട് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.   

മുന്‍ റഷ്യന്‍ ഇരട്ടചാരന് വിഷബാധയേറ്റ സംഭവത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കണമെന്നായിരുന്നു റഷ്യയ്ക്കുള്ള ബ്രിട്ടന്റെ അന്ത്യശാസനം. എന്നാല്‍ ആരോപണങ്ങള്‍ തള്ളുകയും മുഖം തിരിക്കുകയും ചെയ്തതോടെയാണ് കര്‍ശനനടപടികളുമായി ബ്രിട്ടന്‍ രംഗത്തെത്തിയത്. 

ഒരാഴ്ച്ചക്കുള്ളില്‍ പുറത്താക്കപ്പെട്ട 23 നയതന്ത്ര ഉദ്യോഗസ്ഥരും രാജ്യം വിടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാര്‍ലമെന്റില്‍ പറഞ്ഞു. പുറത്താക്കപ്പെട്ടവര്‍ റഷ്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്നാണ് ബ്രിട്ടന്റെ വാദം. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവയക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിട്ടു. റഷ്യന്‍ ധന്യകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ബ്രിട്ടന്‍ വേണ്ടെന്ന് വച്ചു. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കില്ല. ബ്രിട്ടീഷ് വ്യോമാതിര്‍ത്തിയിലൂടെ പോകുന്ന റഷ്യന്‍ വിമാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 

സംഭവത്തിനു പിന്നില്‍ ബ്രിട്ടന്റെ ഗൂഢാലോചനയാണെന്നാണ് റഷ്യന്‍ ആരോപണം. രാസവസ്തുകളുടെ സാംപിള്‍ നല്‍കിയാല്‍ പരിശോധനയ്ക്കുശേഷം പ്രതികരിക്കാമെന്ന് റഷ്യ അറിയിച്ചു. ഏകപക്ഷീയമായ നടപടികള്‍ക്കു പിന്നാാലെ നാറ്റോ സഖ്യരാഷ്ട്രങ്ങളേയും അമേരിക്കയേയും കൂട്ടുപിടിച്ച് റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിലാണ് ബ്രിട്ടന്‍. റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കുന്നതായി അമേരിക്കയും വ്യക്തമാക്കി. നാറ്റോ കൗണ്‍സിലില്‍ ഇതിനോടകം തന്നെ ബ്രിട്ടന്‍ വിഷയം ഉന്നയിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനായിരുന്നു റഷ്യന്‍ ഇരട്ടചാരന്‍ സെര്‍ഗെയ് സ്ക്രീപിലിനെയും മകളെയും വിഷരാസവസ്തുമൂലം ബോധം മറഞ്ഞ നിലയില്‍ കണ്ടെത്തിയത്.