ഇന്ത്യയെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി; കൂടിക്കാഴ്ച യുഎസ് എതിർപ്പിനിടെ

യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ്. ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിനെ പ്രശംസിച്ച ലാവ്റോവ് ,ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്ന അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചു. ക്രൂഡ് ഒായില്‍ ഉള്‍പ്പെടെ ഇന്ത്യ ആഗ്രഹിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ലാവ്റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച്ച നടത്തി.

റഷ്യക്കെതിരായ ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാമെന്ന് യുഎസ് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെയും റഷ്യയുടെയും വിദേശകാര്യമന്ത്രിമാര്‍ ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ദുഷ്ക്കരമായ രാജ്യാന്തരസാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച നടക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധം വര്‍ഷങ്ങളായി പുരോഗതിയിലാണ്. യുക്രെയ്ന്‍ –റഷ്യ സംഘര്‍ഷം ചര്‍ച്ചകളിലൂടെയും നയതന്ത്രതലത്തിലും പരിഹരിക്കണമെന്നും ജയ്ശങ്കര്‍ നിര്‍ദേശിച്ചു. രാജ്യാന്തരവിഷയങ്ങളെ യുക്രെയ്ന്‍ പ്രശ്നത്തില്‍ മാത്രം കൂട്ടിക്കെട്ടാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ നിഷ്പക്ഷനിലപാട് സ്വീകരിച്ച ഇന്ത്യയെ പ്രശംസിക്കുന്നതായി ലാവ്റോവ് പറഞ്ഞു. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയ്ക്ക് ഒന്നും ഒളിക്കാനില്ല. കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അറിയാവുന്നതാണ്. മോസ്കോയ്ക്കും കീവിനും ഇടയില്‍ മധ്യസ്ഥതവഹിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളതുമാണെന്ന് ലാവ്റോവ് പ്രശംസിച്ചു. യുക്രെയ്നിലേത് യുദ്ധമല്ല, സൈനികനടപടിയാണ്. യുക്രെയ്നുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.

ഇന്ത്യ ആഗ്രഹിക്കുന്ന എന്ത് ഉല്‍പ്പന്നവും വ്യാപാരം െചയ്യാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രൂപ–റൂബിള്‍ ബദല്‍ പണമിടപാട് ചര്‍ച്ചയായതായും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച്ചയ്ക്കിടെ അഞ്ച് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയെങ്കിലും റഷ്യന്‍ വിദേശകാര്യമന്ത്രിയുമായിമാത്രമാണ് മോദി കൂടിക്കാഴ്ച്ച നടത്തിയത്.