ട്രംപിന്റെ ജറുസലേം, കിഴക്കോ പടിഞ്ഞാറോ..?

ട്രംപ് പശ്ചിമേഷ്യന്‍ നയം തിരുത്തുമ്പോള്‍... നിഷ പുരുഷോത്തമന്‍ എഴുതുന്നു

കിഴക്കൻ ജറുസലേമിലോ പടിഞ്ഞാറൻ ജറുസലേമിലോ എവിടെയാണ് യുഎസ് എംബസി സ്ഥാപിക്കാനുദ്ദേശിക്കുന്നത് ? യുഎന്നിലെ യുഎസ് അംബാസിഡർ നിക്കി ഹാലി നേരിട്ട, നയതന്ത്രപരമായി ഏറ്റവും പ്രയാസമേറിയ ചോദ്യമാവും സിഎന്‍എന്നിന്റെ വൂൾഫ് ബ്ലിറ്റ്സറിൽ നിന്നുണ്ടായത്..! 

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് സർക്കാർ ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. അവിഭക്ത ജറുസലേം എന്നത് ഇനിയും തീരുമാനമാകാത്ത സങ്കൽപമാണ്.  കിഴക്കൻ ജറുസലേം പലസ്തീന്റെ തലസ്ഥാനവും. പലസ്തീന്റെ ഈ അവകാശവാദത്തെ പ്രസിഡന്റിന്റെ പ്രസ്താവനയിൽ തള്ളിപ്പറഞ്ഞിട്ടുമില്ല. കിഴക്കൻ ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിക്കുകയാണോ എന്നതിലും വ്യക്തതയില്ല. 

‌അവിഭക്ത ജറുസലേമും അതിർത്തി നിർണയിക്കലുമെല്ലാം ഭാവിയിൽ തീരുമാനിക്കപ്പെടെണ്ടതാണെന്നും അദ്ദേഹം പറയുന്നു. 1967 മുതൽ കിഴക്കൻ ജറുസലേമിലെ ഇസ്രയേൽ അധിനിവേശത്തെ ലോകം എതിർത്തിട്ടുമുണ്ട്. അപ്പോൾ അന്തിമ തീരുമാനത്തിന് മുമ്പുള്ള ഈ പ്രഖ്യാപനം എന്തിനായിരുന്നു? സമാധാന സ്ഥാപനമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിക്കുന്നു. വാസ്തവത്തിൽ സമാധാനം ആഗ്രഹിക്കുന്ന പലസ്തീനിലെയും ഇസ്രയേലിലെയും ലക്ഷക്കണക്കിന് ജനങ്ങൾക്കേറ്റ തിരിച്ചടിയാണ് ട്രംപിന്റെ നിലപാട്. ജറുസലേമിൽ യുഎസ് എംബസി ഉടൻ പണിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

പശ്ചിമേഷ്യയെ കാത്തിരിക്കുന്നത്

ജറുസലേമിന്റെ തൽസ്ഥിതിയിലുണ്ടാകുന്ന ചെറുചലനവും പശ്ചിമേഷ്യയെ കുരുതിക്കളമാക്കും. 2000ൽ ഏരിയൽ ഷാരോണിന്റെ ടെംപിൾ മൗണ്ട് സന്ദർശനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 3000 പലസ്തീനികൾക്കും 1000 ഇസ്രയേലികൾക്കും ജീവൻ നഷ്ടമായി. ഈ നവംബറിൽ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ കൂടുതൽ സൈനികരെ നിയോഗിച്ചതും സംഘർഷത്തിൽ കലാശിച്ചു. ഇത്രയും വൈകാരികമായ വിഷയത്തിൽ ഏകപക്ഷീയമായ നിലപാടിലൂടെ സമാധാന സ്ഥാപനം എന്നത് അസാധ്യമാണെന്ന് അമേരിക്കയ്ക്കും ബോധ്യമുണ്ട്. ചൈനയുമായി സാമ്പത്തിക യുദ്ധം, മെക്സിക്കൻ അതിർത്തിയിൽ മതിൽ, ഒബാമ കെയറിന് പകരം വൻ പദ്ധതി തുടങ്ങി നിരവധി തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ ഒന്നും തന്നെ പ്രായോഗികമാക്കാൻ ട്രംപിന് കഴിഞ്ഞിരുന്നില്ല. 

ജറുസലേം താരതമ്യേന അദ്ദേഹത്തിന് എളുപ്പമുള്ള തീരുമാനമാണ്. വ്യക്തിപരമായി ഗുണകരവും. ട്രംപ് അനുകൂലികളായ ജൂതൻമാരെയും പാരമ്പര്യവാദികളായ ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തെയുo സന്തോഷിപ്പിക്കാം. ഇറാൻ എന്ന മുഖ്യശത്രുവിനെ നേരിടാൻ മേഖലയിൽ കരുത്തരായ പങ്കാളിയായി ഇസ്രയേലിനെ നിലനിർത്താം(സൗദിയുടെ പിന്തുണയുമുണ്ടാവാം). 

പല നയതന്ത്ര വിഷയങ്ങളിലും വ്യക്തതയില്ലാത്ത ട്രംപിന്  തർക്കപരിഹാരത്തിന് ആദ്യം ഒരു കക്ഷിയെ സന്തോഷിപ്പിക്കുക എന്നതല്ല മാർഗമെന്നുള്ള ഡിപ്ലോമാറ്റിക് വിഷയങ്ങളൊന്നും ബാധകമല്ല.  താരതമ്യേന ദുർബലമായ പലസ്തീൻ നേതൃത്വത്തിന് ഈ നീക്കത്തെ നയതന്ത്രതലത്തിൽ ചെറുക്കാനുള്ള കഴിവും ഈ ഘട്ടത്തിൽ കുറവാണ്. ഇസ്രയേൽ ഭരണത്തിലെ യാഥാസ്ഥിതികർ നിലപാടുകൾ കടുപ്പിക്കുകയും ചെയ്യും. പക്ഷേ ആത്യന്തികമായി അനുഭവിക്കുക ഇരുരാജ്യങ്ങളിലെയും സാധാരണ ജനമാണ്. സ്വന്തമായി രാജ്യമില്ലാത്തവരായി പലസ്തീൻ ജനതയും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന ഭീതിയിൽ ഇസ്രയേലികളും.

(മനോരമ ന്യൂസിൽ വാർത്താവതാരകയും ചീഫ് ന്യൂസ് പ്രൊഡ്യൂസറുമാണ് ലേഖിക)