അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ക്ഷമയോടെയും സഹാനുഭൂതിയോടെയും പ്രതികരിക്കണം: മാര്‍പ്പാപ്പ

അടിച്ചമര്‍ത്തപ്പെടുമ്പോള്‍ പ്രതികാരവാഞ്ഛ ഉണ്ടാകാമെങ്കിലും ക്ഷമയോടെയും സഹാനുഭൂതിയോടെയും പ്രതികരിക്കണണെന്ന് മ്യാന്‍മറില്‍ മാര്‍പ്പാപ്പയുടെ സന്ദേശം. യാങ്കൂണിലെ കയ്ക്കാസന്‍ മൈതാനത്തെ പ്രത്യേക വേദിയില്‍ നടന്ന കുര്‍ബാന മധ്യേയായിരുന്നു മാര്‍പാപ്പയുടെ സന്ദേശം. ബുദ്ധഭിക്ഷുക്കളുടെ പരമോന്നത കൗണ്‍സിലായ സംഘയുമായി മാര്‍പാപ്പ ഇന്ന് ചര്‍ച്ച നടത്തും. മ്യാന്‍മറിലെ മെത്രാന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട് 

മ്യാന്‍മറില്‍ ഒട്ടേറെപ്പേര്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വേദനയും മുറിവുകളും പേറുന്നുണ്ടെന്ന് പറഞ്ഞായിരുന്നു മാര്‍പ്പാപ്പ ക്ഷമയും സഹാനുഭൂതിയും കാട്ടാന്‍ ആഹ്വാനം ചെയ്തത്. പ്രതികാരം ക്രിസ്തുവിന്റെ മാര്‍ഗമല്ലെന്നും കുര്‍ബാനയില്‍ പങ്കെടുത്ത ഒന്നരലക്ഷത്തോളം വരുന്ന വിശ്വാസകളോട് മാര്‍പാപ്പ പറഞ്ഞു. 

അടിച്ചമര്‍ത്തപ്പെട്ടവരെപ്പറ്റി പറഞ്ഞെങ്കിലും റോഹിന്‍ഗ്യ വിഷയം മാര്‍പാപ്പ പരാമര്‍ശിച്ചില്ല. ഇന്നലെ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചിയുമായി നടത്തിയ ചര്‍ച്ചയിലും റോഹിന്‍ഗ്യ എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് മാര്‍പാപ്പ സഹവര്‍ത്തിത്വത്തിന് ആഹ്വാനം െചയ്തത്. രാവിലെ പോപ്പ് മൊബീലില്‍ എത്തിയ മാര്‍പ്പാപ്പ കയ്ക്കാസന്‍ മൈതാനത്ത് തടിച്ചുകൂടിയ വിശ്വാസികളെ ആശീര്‍വദിച്ചു. നാളെ മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ബംഗ്ലദേശിലേക്ക് പുറപ്പെടും. രണ്ടു ദിവസത്തെ ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ ധാക്കയില്‍ റോഹിന്ഗ്യ അഭയാര്‍ഥികളെ മാര്‍പ്പാപ്പ കാണുന്നുണ്ട്.