വിമര്‍ശനം കടുക്കും ; 5 ഇന്ത്യൻ ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ച് ധ്രുവ് റാഠി

പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട  ചർച്ചകൾ  ജനങ്ങളിലേക്കെത്തിച്ച് ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യപ്രതിപക്ഷമാവുകയാണ് ധ്രുവ് റാഠി എന്ന യൂട്യൂബർ. ഇതിന് മുന്നോടിയായി മൂന്ന് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ അഞ്ച് പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ കൂടി അദ്ദേഹം യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ധ്രുവ് പുതുതായി ചാനലുകള്‍ ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വിഡിയോയിലൂടെ അടുത്തിടെ ദേശീയ മാധ്യമങ്ങളിലും ദേശീയരാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് . അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ 'ഇന്ത്യയില്‍ ഏകാധിപത്യ ഭരണമോ?' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ധ്രുവ് റാഠി കൂടുതല്‍ ജനകീയനായത്. ബി.ജെ.പിയെ അതിശക്തമായി വിമര്‍ശിക്കുന്ന ഈ വീഡിയോ ഇതിനകം രണ്ടേമുക്കാല്‍ കോടിയിലേറെ പേരാണ് കണ്ടത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് അദ്ദേഹം പുറത്തിറക്കിയ വീഡിയോയും വലിയതോതില്‍ സ്വീകരിക്കപ്പെട്ടു. ഇത്തരത്തില്‍ സൈബര്‍ലോകത്ത് കൂടുതല്‍ ജനകീയമായതോടെയാണ് അഞ്ച് ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിക്കാന്‍ ധ്രുവ് തീരുമാനിച്ചത്.