കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് 111 വയസ്സുകാരി കുപ്പച്ചി. കാസർകോട് വെള്ളിക്കോത്ത് സ്വദേശിയായ കുപ്പച്ചിയമ്മ ഇതുവരെയും തന്റെ വോട്ട് മുടക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തീരുമാനപ്രകാരം ഇത്തവണ വീട്ടിൽ തന്നെ വോട്ട് ചെയ്യും.
വയസ് 111 ആയെങ്കിലും വോട്ട് ചെയ്യാനുള്ള കുപ്പച്ചിയമ്മയുടെ ആവേശത്തിന് കുറവൊന്നുമില്ല. കയ്യിൽ കുപ്പി വളയും മേൽ കുപ്പായത്തിനു പകരം ഒരു തോർത്തും പിന്നെ കയ്യിൽ ഒരു വടിയുമായി സദാ വീടിന്റെ ഉമ്മറത്തുണ്ടാകും. തിരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോൾ അവശതയൊക്കെ മറക്കും. ഇഎംഎസിന്റെ കാലം തൊട്ട് വോട്ട് ചെയ്ത കഥകളുടെ കെട്ടഴിക്കും. ചിലതൊക്കെ തപ്പിയും തടഞ്ഞും ഓർത്തെടുക്കും. ഇഎംഎസിന്റെ കടുത്ത ആരാധികയാണ്.
വെള്ളിക്കോത്ത് സ്കൂളിലെ 20 ആം നമ്പർ ബൂത്തിലെ വോട്ടറാണ് കുപ്പച്ചിയമ്മ. കന്നി വോട്ട് മുതൽ ഇതേ സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്. ഏക മകൻ കെ വി കുട്യൻ മരിച്ച് 41 ദിവസം തികയും മുൻപ് വോട്ട് ചെയ്യാൻ പോയ കഥയും കുപ്പച്ചിക്കു പറയാനുണ്ട്. മകന്റെ ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പമാണ് ഇപ്പോൾ താമസം.