മുടി സ്ട്രെയ്റ്റന്‍ ചെയ്തു; പിന്നാലെ യുവതിയുടെ വൃക്ക തകരാറില്‍; വില്ലനായത് ഈ കെമിക്കല്‍

hair-treatment-21
SHARE

ഇക്കാലത്ത് സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കാത്തവര്‍  വളരെ കുറവായിരിക്കും. വിലകൂടിയ ക്രീം മുതല്‍ നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന എണ്ണയും ഷാംപുവുമൊന്നും സുരക്ഷിതമല്ലെന്നാണ് പഠനങ്ങളില്‍ തെളിയുന്നത്.  ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്നത് മാരക വിഷമയമുള്ള കെമിക്കലുകള്‍ ആണെന്നാണ് പല പഠനങ്ങളും പറയുന്നത്.  മുടി സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്കുണ്ടായ ദുരിതമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുന്‍പ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത തുനീസിയയിൽ നിന്നുള്ള യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഒരു സലൂണിൽ മുടി സ്ട്രെയ്റ്റനിങ്  നടത്തിയതിന് ശേഷമാണ് യുവതിയുടെ  വൃക്ക തകരാറിലായത്. 2020 ജൂണിലാണ് ആദ്യം മുടി സ്ട്രെയ്റ്റനിങ്ങിന് സലൂണില്‍ ചെന്നത്. തുടര്‍ന്ന് 2021 ഏപ്രിൽ, 2022 ജൂലായ് മാസങ്ങളിലും 26 കാരിയായ യുവതി സലൂൺ സന്ദർശിച്ചു. ഓരോ തവണ സന്ദർശിച്ച ശേഷവും  ഛർദ്ദിയും വയറിളക്കവും പനിയും നടുവേദനയും അനുഭവപ്പെട്ടതായി യുവതി പറഞ്ഞു. മുടിയുടെ ചികിത്സയ്ക്കിടെ തലയിൽ പൊള്ളൽ അനുഭവപ്പെട്ടതായും കഴിഞ്ഞതിനുശേഷം ചെറിയ മുറിവുകൾ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.

ദി ന്യൂ ഇം​ഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് യുവതിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഒരു കൂട്ടം ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  യുവതിയുടെ രക്തത്തിൽ ഉയർന്ന അളവിൽ ക്രിയാറ്റിൻ കണ്ടെത്തി. ഇത് വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണെന്നും മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്തെന്നും ഡോക്ടര്‍മാര്‍. പക്ഷേ അണുബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. 

​ഗ്ലയോക്സിലിക് ആസിഡ് എന്ന കെമിക്കൽ അടങ്ങിയ ക്രീമാണ് യുവതിയു‌‌ടെ മു‌ടി സ്ട്രെയ്റ്റനിങ്ങിന് ഉപയോഗിച്ചത്. ഇതായിരിക്കും യുവതിക്ക് പ്രശ്നമുണ്ടാക്കിയതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഗ്ലയോക്സിലിക് ആസിഡും വൃക്കയുടെ തകരാറും സംബന്ധിച്ച ഡോക്ടർമാർ പഠനം നടത്തി. എലികളിലാണ് പരീക്ഷണം നടത്തിയത്. സലൂണില്‍  ഉപയോ​ഗിച്ച അതേ സ്ട്രെയ്റ്റനിങ് ക്രീം തന്നെയാണ് എലികളിൽ പരീക്ഷിച്ചത്. ഇതിലൂടെയാണ് ​ഗ്ലയോക്സിലിക് ആസിഡ് ചർമത്തിലൂടെ വൃക്കയിൽ എത്തിയതാകാം പ്രശ്നമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. 

സലൂണിൽ ഉപയോഗിച്ചിരുന്ന 10% ​ഗ്ലയോക്സിലിക് ആസിഡ് അടങ്ങിയ സ്ട്രെയ്റ്റനിങ് ക്രീം അവർ അഞ്ച് എലികളില്‍ പരീക്ഷിച്ചു. ഇതേപരീക്ഷണം പെട്രോളിയം ജെല്ലി ഉപയോഗിച്ച്  മറ്റൊരു അഞ്ച് എലികളിലും ന‌‌ടത്തി. സ്ട്രെയ്റ്റനിങ് ക്രീം ഉപയോ​ഗിച്ച എലികളുടെ രക്തത്തിൽ 28 മണിക്കൂറിനുള്ളിൽ തന്നെ ക്രിയാറ്റിന്റെ അളവ് കൂടുതലായി കണ്ടെത്തി. അതേസമയം പെട്രോളിയം ജെല്ലി ഉപയോ​ഗിച്ചവയിൽ അസാധാരണമായൊന്നും കണ്ടെത്താനായില്ല. ​ഗ്ലയോക്സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യവർധക വസ്തുക്കള്‍ ഉപയോ​ഗിക്കാതിരിക്കുന്നതും വിപണിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും ഡോക്ടർമാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Woman's hair treatment leads to kidney injury

MORE IN SPOTLIGHT
SHOW MORE