velakali

ഒരു ദേശത്തിന്‍റെ കലയെ വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കാനുള്ള അധ്വാനത്തിലാണ് ഒരു കൂട്ടം കലാ വിദ്യാര്‍ഥികള്‍.  പന്തളം കുരമ്പാലയിലാണ് വേലകളിയെന്ന ക്ഷേത്രകല പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ കൂട്ടം പുതിയ തലമുറയെ പരിശീലിപ്പിക്കുന്നത്. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍റെ ജന്‍മനാളായ ഉത്രം ഉല്‍‌സവത്തിനടക്കം ചുവടു വയ്ക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍. 

മധ്യകേരളത്തിന്‍റെ തനത് കല. ദേശദേവനേയോ ദേവിയേയോ പുറത്തേക്ക് ആനയിക്കുമ്പോള്‍ പയറ്റുമുറ പോലെ ചുവട് വയ്ക്കുന്ന അനുഷ്ഠാനമാണ് വേലകളി,  പന്തളം കുരമ്പാലയില്‍ നിന്ന് അന്യം നിന്ന കലയെ തിരിച്ചു പിടിച്ചിട്ട് കാല്‍ നൂറ്റാണ്ടാകുന്നു. ഇടക്കാലത്തെ തടസങ്ങള്‍ കടന്ന് അടുത്ത സംഘം പരിശീലനം പൂര്‍ത്തിയാക്കി. കയ്ക്കെട്ട് കെട്ടി, തലയില്‍ കൊണ്ട കെട്ടി, കൈത്താമര അണിഞ്ഞ് അവസാന വട്ട പരിശീലനകാലത്തിലാണ്. ഇടം കയ്യില്‍ പരിചയും വലം കയ്യില്‍ വാളിനെ അനുസ്മരിപ്പിക്കുന്ന ചുരികക്കോലും എടുത്താണ് പരിശീലനം.

പന്തളം കുരമ്പാല ഗോത്രകലാ പടയണി ഫൗണ്ടേഷനിലാണ് തലമുറകള്‍ കൈമാറി പരിശീലനം നല്‍കുന്നത്. വര്‍ഷങ്ങളായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഉത്രം നാളില്‍ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ തിരുമുമ്പില്‍ വേല അവതരിപ്പിക്കുന്നത് ഈ സംഘമാണ്. അവസാന വട്ട പരിശീലനം ആയത് കൊണ്ട് കാഴ്ചക്കാരെ ഒഴിവാക്കി ഒഴിഞ്ഞ പ്രദേശത്താണ് പരിശീലനം . കഴിഞ്ഞ ദിവസമായിരുന്നു അരങ്ങേറ്റച്ചടങ്ങുകള്‍