2023 ല്‍ ലോകം വായിച്ചത് എന്താണ്..? മാറുന്ന കാലത്തെ വായന

2023 ല്‍ ലോകം വായിച്ചത് എന്താണ്..? വായനാശീലങ്ങള്‍ അനുദിനം ലോകത്ത് മാറുന്ന കാലത്ത് പുസ്തകങ്ങളോടുള്ള ആളുകളുടെ ചങ്ങാത്തം കുറയുന്നുണ്ടോ..?

രാജ്യാന്തരതലത്തില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറെ ചര്‍ച്ചയും വായനയും നേടിയത് മറ്റൊരു പുസ്തകവുമല്ല. ബ്രിട്ടണിലെ രാജകുമാരനായ ഹാരിയുടെ സ്പേര്‍ എന്ന പുസ്തകമാണ്. അതിന്‍റെ വിഷയം കൊണ്ട് പുസ്തകം ശ്രദ്ധിക്കപ്പെടുക മാത്രമല്ല, ചില അരമന രഹസ്യങ്ങള്‍ പുറത്തായത് വലിയ വിവാദങ്ങള്‍ക്കുമിടയാക്കി. അമ്മയായ ഡയാന രാജകുമാരിയുടെ മരണത്തില്‍ നിന്ന് തുടങ്ങി, ഒരു പന്ത്രണ്ടുകാരനായ രാജകുടുംബാംഗത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യശരങ്ങള്‍ ഉള്‍പ്പെടെ ഹാരി എഴുതിച്ചേര്‍ക്കുന്നു. ഡയാന രാജകുമാരിയുടെ മരണത്തില്‍ ഞെട്ടി നില്‍ക്കുന്ന ലോകത്തിന് മുന്നില്‍ ഹാരി എത്തിയപ്പോഴേക്കും അവന് നേരെയും കുറ്റപ്പെടുത്തലുകളുയര്‍ന്നിരുന്നു. പിന്നീട് വിവാദമായ മേഗനുമായുള്ള വിവാഹവും, ജനപ്രീതിയുടെയും കഥകളും പുസ്തകത്തിലുണ്ട്.

ആഷ്ച്ചുവിറ്റ്സ് ദുരന്തത്തെ അതിജീവിച്ച ഒരു മനുഷ്യന്‍റെ കഥ പറഞ്ഞ ദി ഹാപ്പിയസ്റ്റ് മാന്‍ ഓണ്‍ എര്‍ത്ത് മറ്റൊരു ഇന്‍റര്‍നാഷണല്‍ ബെസ്റ്റ്സെല്ലറാണ്. തന്‍റെ കണ്‍മുന്നില്‍ കണ്ട ഹോളോകോസ്റ്റ് ഭീകരതകളാണ് എ‍ഡി ജാക്കു പങ്കുവെയ്ക്കുന്നത്. ഒരു മനുഷ്യായുസില്‍ പ്രതീക്ഷയ്ക്ക് അത്രമാത്രം വിലയുണ്ടെന്ന് അയാള്‍ ഈ പുസ്തകത്തിലൂടെ പറയുന്നു.

ഇന്ത്യക്കാരിയായ നിലഞ്ജന ഭൗമിക്കിന്‍റെ ലൈസ് അവര്‍ മദര്‍ ടോള്‍ഡ് അസ് രാജ്യാന്തര വിപണിയില്‍ മികച്ചുനിന്നു. ഇന്ത്യയിലെ സ്ത്രീകളെപ്പറ്റിയാണ് പുസ്തകം. സാവിത്രി ഭായി ഫൂലെ, മഹാശ്വേത ദേവി തുടങ്ങി നിരവധി സ്ത്രീകളും അവരുടെ ജീവിതവും കടന്നുവരുന്നുണ്ട് ഈ താളുകളില്‍.

അബ്രഹാം വര്‍ഗീസിന്‍റെ  ദി കവനന്‍റ് ഓഫ് വാട്ടര്‍ ജനപ്രിയ ഇന്ത്യന്‍ പുസ്തകങ്ങളില്‍ മുന്നിലുണ്ട്

ഫ്രണ്ട്സ് സീരിസില്‍ ഷാന്‍ലര്‍ ബിങായി വേഷമിട്ട മാത്യു പെറിയുടെ, ഫ്രണ്ട്സ്, ലവേഴ്സ് ആന്‍ഡ് ദി ബിഗ് ടെറിബിള്‍ തിങ്, എ മെമോയര്‍ എന്ന പുസ്തകം ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഇക്കൊല്ലത്തെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. മാത്യു പെറിയുടെ മരണം ഫ്രണ്ട്സ് പ്രേമികളെ ഞെട്ടിച്ച ഒന്നായിരുന്നു. അദ്ദേഹത്തിന്‍റെ ഓര്‍മക്കുറിപ്പുകളും ആരാധകര്‍ ഏറ്റുവാങ്ങി. സിറ്റ്കോമില്‍ നിന്നുണ്ടായ ഉയര്‍ച്ചയും പിന്നീട് ജീവിതത്തില്‍ വന്ന അഡിക്ഷനുകളും പുസ്തകം ചര്‍ച്ചചെയ്യുന്നു. അദ്ദേഹത്തിന്‍റെ സ്വാഭാവികമായ തമാശ നിറഞ്ഞ ശൈലിയും പുസ്തകത്തില്‍ അനുഭവിക്കാം.

ഇക്കൊല്ലം പള്‍പ്പ് ഫിക്ഷന്‍ ജോണറിലും ധാരാളം  ബെസ്റ്റ് സെല്ലറുകളുണ്ടായി. ഇക്കൊല്ലവും രാജ്യന്തര വിപണിയില്‍ വിറ്റഴിഞ്ഞ റൊമാന്‍സ് നോവല്‍ ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ തന്നെയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇത്തവണയും ചേതന്‍ ഭഗതായിരുന്നു മുന്നില്‍. സോഫി കിന്‍സെല്ലയുടെ ദി ബേണൗട്ടാണ് ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടെ ഒന്നാമത്. യുവ വായനക്കാരെ പിടിച്ചിരുത്തിയ കൊളീന്‍ ഹൂവറിന്‍റെ ഇറ്റ് എന്‍ഡ്സ് വിത്ത് അസ് എന്ന അമേരിക്കന്‍ നോവലും മുന്നിലുണ്ട്. എമിലി ഹെന്‍റിയുടെ ഹാപ്പി പ്ലേസും ബീച്ച് റീഡും, ജോണ്‍ ഗ്രീനിന്‍റെ ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്, ക്ലാസിക് നോവലായ ഷാര്‍ലറ്റ് ബ്രോണ്‍റ്റിയുടെ ജെയിന്‍ എയര്‍, തുടങ്ങിയവ റൊമാന്‍സ് വിഭാഗത്തിലെ ബെസ്റ്റ് സെല്ലറുകളായിരുന്നു.

സെല്‍ഫ് ഹെല്‍പ് വിഭാഗത്തിലും ഇക്കുറി വായനക്കാരുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ജെയിംസ് ക്ലിയറിന്‍റെ ആറ്റോമിക് ഹാബിറ്റ്സാണ്. വര്‍ഷങ്ങളായി വിപണിയിലുള്ള ഇക്കിഗായിക്കും വായനക്കാരേറെ ഉണ്ടായിരുന്നു. വിക്ടര്‍ ഫ്രാങ്കലിന്‍റെ മാന്‍സ് സേര്‍ച്ച് ഫോര്‍ മീനിങ്, വര്‍ഷങ്ങള്‍ക്ക് ശേഷവും ബെസ്റ്റ് സെല്ലര്‍ തന്നെ.

 ഇവിടെ പുതിയ പുസ്തകങ്ങളേക്കാള്‍ വായനക്കാര്‍ക്ക് പ്രിയം പഴയത് തന്നെ എന്ന് കാണാനാകും. വായനക്കാര്‍ ഉള്ളിടത്തോളം കാലം അവരുടെ ഫേവറേറ്റ് ലിസ്റ്റില്‍ കാണും എന്ന് പറയുന്ന കണക്കുകളാണ് ഇക്കൊല്ലവും ഹാരി പോട്ടര്‍ സീരിസുകള്‍ക്ക് പറയാനുള്ളത്. മാത്രമല്ല ഇക്കൊല്ലം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനത്തും ഹാരി പോട്ടര്‍ സീരിസിലെ പല പുസ്തകങ്ങളാണ്. ബ്രിട്ടണി സ്പിയേഴ്സിന്‍റെ ദി വുമണ്‍ ഇന്‍ മി, റിച്ചാര്‍ഡ് ഓസ്മാന്‍റെ ദി ലാസ്റ്റ ഡെവിള്‍ ടു ഡൈ എന്നിവ ഇക്കൊല്ലത്തെ ആമസോണ്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നു.

വായനക്കാരുടെ പ്രിയപ്പെട്ട ക്രൈം ത്രില്ലറുകള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടിരുന്നു. ടോം മിയയുടെ ഡെത്ത് ആന്‍ഡ് ദി കോണ്‍ജുറര്‍. ആറ് മരണങ്ങളും ഒരു കൊലപാതകവും എന്ന ടാഗില്‍ പുറത്തിറങ്ങിയ സാറാ ഹിലരിയുടെ ബ്ലാക് തോണ്‍. കൊല്ലാന്‍ വരെ മടിക്കാത്ത ഒരു രഹസ്യവുമായി നടക്കുന്ന ഒരു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും കാമുകന്‍റെയും കഥ പറഞ്ഞ എമ്മ ഫ്ലിന്‍റിന്‍റെ അദര്‍ വിമന്‍, ഡെനിസ് മിനയുടെ ദി സെക്കന്‍റ് മര്‍ഡറര്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ആ ഗണത്തില്‍ വായനക്കാരെ നേടി.

വായനക്കാര്‍ കുറയുന്നു എന്ന് പറയുമ്പോഴും അത് ശരി‌യല്ല എന്ന് കാണിക്കുന്നതാണ് കണക്കുകള്‍. പരമ്പരാഗത രീതിയിലുള്ള പുസ്തകരൂപങ്ങള്‍ മാത്രമല്ല, ഇ ബുക്കുകളും ഓഡിയോ ബുക്കുകളും വിപണിയില്‍ കൂടുതല്‍ സജീവമായി. പോഡ്കാസ്റ്റുകളും വലിയ തോതില്‍ ജനകീയമായി. വായനക്കാരുടെ സൗകര്യത്തിനൊത്ത് എഴുത്തുകാരും പ്രസാധകരും മാറിയത് സാഹിത്യ ലോകത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്,  അത് തന്നെയാണ് ഇപ്പോഴും വായനക്കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.