kani14

ഒരു കുഞ്ഞിനെ വേണമെന്ന് എന്നെങ്കിലും തോന്നിയാലോ എന്ന ചിന്തയില്‍ അണ്ഡം ശീതീകരിച്ച് വച്ചുവെന്ന് നടി കനി കുസൃതി. ഇനി സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പോലും ആവശ്യക്കാര്‍ക്ക് നല്‍കാമല്ലോ എന്നും താരം പറയുന്നു. 

കുട്ടികള്‍ വേണമെന്ന ആഗ്രഹം പണ്ട് മുതലേ എനിക്ക് ഉണ്ടായിരുന്നില്ല. പ്രേമിക്കാം. എന്നാല്‍ ഒരുമിച്ച് ജീവിക്കാനോ കുട്ടികളുണ്ടാക്കാനോ പ്ലാന്‍ ഇല്ലെന്ന് ആദ്യമേ തന്നെ ആ വ്യക്തിയോട് പറഞ്ഞിരുന്നു. സാമ്പത്തികമായും മാനസികമായും തയ്യാറാണെങ്കില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് ഭാവിയില്‍ എനിക്ക് തോന്നിയേക്കാം. ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന് പോലും തോന്നിയേക്കാം. എന്നാല്‍ മുന്‍ പങ്കാളിക്കൊപ്പമല്ലാതെ വേറെ ആരുടെ കൂടെയും ഒരു കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്ന് തോന്നിയിട്ടില്ല. ഒരു കുഞ്ഞിനെ വളര്‍ത്തുകയാണെങ്കില്‍ സിംഗിള്‍ മദറായി മുന്‍പോട്ട് പോകാനാണ് താത്പര്യം എന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.

'മക്കള്‍ക്ക് മുന്‍പില്‍ മാതാപിതാക്കള്‍ വഴക്കുണ്ടാക്കുന്നത് ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. വളരെ നല്ല കുട്ടിക്കാലമായിരുന്നു എന്റേത്. ജയശ്രീയും മൈത്രേയനും അഭിപ്രായ വ്യത്യാസങ്ങളുള്ള രണ്ട് വ്യക്തികളാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നത് പോലും എന്റെ 19ാം വയസിലാണ്. അങ്ങനെയാണ് എനിക്ക് മുന്‍പില്‍ അവര്‍ പെരുമാറിയിരുന്നത്.'

കൂട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും ഹാര്‍ട് ബ്രേക്ക് ഉണ്ടായെന്ന് പറയുമ്പോള്‍ അത് നല്ലതല്ലേ എന്നാണ് അവരോട് ചോദിച്ചിരുന്നത്. പുതിയൊരാളെ സ്നേഹിക്കാമല്ലോ എന്നാണ് തനിക്ക് തോന്നിയിരുന്നത് എന്നും കനി കുസൃതി പറയുന്നു.